നടിയെ ആക്രമിച്ച കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡി.വൈ.എസ്.പി ബൈജു പൗലോസിനാണ് കേസിന്റെ തുടരന്വേഷണ ചുമതല.

കെ.പി ഫിലിപ്പ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ എസ് സുദർശൻ, എം ജെ സോജൻ, നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്ടർ പി എം ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാനുണ്ട്. ഇതിനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. നടൻ ദിലീപിനേയും പൾസർ സുനിയേയും കൂടുതൽ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തണം. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പൾസർ സുനി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നൽകി എന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.