കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലീഗിൽ നിന്ന് സമസ്തയിലെ ഒരു പക്ഷം അകലുകയും ഇടതുമായി സഹകരിക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പൂക്കോട്ടൂരിന്റെ വാക്കുകൾ. പൂക്കുട്ടോരിന്റെ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ലെന്ന് പൂക്കോട്ടൂർ വ്യക്തമാക്കി. കാരണം പല പ്രദേശത്തെയും സാഹചര്യങ്ങൾ നമ്മൾ പരിശോധിച്ചാൽ, അരിക്കും തുണിക്കും പണിക്കും വേണ്ടി കമ്മ്യൂണിസ്റ്റായ ആളുകളുണ്ട്. പ്രാദേശികമായി സാഹചര്യം പരിശോധിച്ചാൽ, ചിലപ്പോഴവിടെ പാർട്ടി ഗ്രാമമായിരിക്കും. അവിടെ മുന്നോട്ട് പോകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കേണ്ടി വരും. അവർക്കാ പാർട്ടിയിലേ നിൽക്കാൻ കഴിയൂ. അത് പോലെ ചില പ്രദേശങ്ങളിൽ, വിദ്വേഷത്തിൻറെ പേരിൽ, ഇപ്പോൾ മുസ്ലിം ലീഗുകാരനാണെങ്കിലും പാർട്ടിയിൽ സ്ഥാനം കിട്ടാത്തതിന്റെ പേരിലോ അവഗണിച്ചതിന്റെ പേരിലോ അയാൾ പോകുന്നത് മാർക്‌സിസ്റ്റ് – കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ലെന്ന് അദ്ദേഹം പറയുന്നു.
അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല. കമ്മ്യൂണിസം എന്ന തത്വം നിരീശ്വരത്വത്തിൽ അധിഷ്ഠിതമാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ പാർട്ടിയുടെ താത്വികാചാര്യൻമാർക്ക് ആ കാര്യത്തിൽ ഒരു സംശയവുമില്ലാത്തതാണ്. അവർ നിരീശ്വരത്വത്തിൽ അധിഷ്ഠിതമായാണ് നിൽക്കുന്നതെന്ന് പറഞ്ഞാൽ അവർക്കതിൽ സന്തോഷമല്ലേ ഉണ്ടാകൂവെന്നും വിദ്വേഷമുണ്ടാവില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തിന്റെ പേരിൽ കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ടാവും. അവരൊക്കെ നമ്മുടെ പള്ളിയോടും മദ്രസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം. അവരെയൊന്നും വെറുപ്പിക്കുന്ന സമീപനം ഇന്നുമിന്നലെയും സ്വീകരിച്ചിട്ടില്ല. പിന്നെ ഇപ്പോഴിത് ചർച്ചയാക്കേണ്ട കാര്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. ആ പാർട്ടിയിൽ എല്ലാവർക്കും മെമ്പർഷിപ്പ് കിട്ടില്ലെന്ന് നമുക്കറിയാവുന്നതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി തന്നെ വ്യക്തമാക്കുന്നത്. മതസ്ഥാപനങ്ങളുടെയോ മതസംഘടനകളുടെയോ തലപ്പത്ത് പാർട്ടിയിൽ ഉത്തരവാദിത്തപ്പെട്ടവർ വരാൻ പാടില്ല. അതദ്ദേഹം ഓപ്പണായി പറഞ്ഞതാണ്. അവർക്കത് തുറന്ന് പറയാൻ ഒരു മടിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശയാംഗീകാരം കൊടുത്ത ആളുകളും ആശയം ഇല്ലാതെ ആവശ്യം നേടാൻ വേണ്ടി മാത്രം കൂടെ നിൽക്കുന്ന ആളുകളും ഉണ്ടാകും. മുന്നണിയായി നിൽക്കുമ്പോൾ ഒരു മുന്നണിയോട് വിദ്വേഷമുള്ളവർ മറുമുന്നണിയിലേക്ക് പോകും. പക്ഷേ, ഗവൺമെൻറിനോട് സഹകരിക്കുക എന്നത് അതേസമയം, മറ്റൊരു വശമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സർക്കാരിൽ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിദ്വേഷസമീപനം സ്വീകരിക്കാതിരിക്കാറുണ്ട്. അത് വിമർശിക്കപ്പെടേണ്ട കാര്യമല്ല. തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാൽ മതി. ഇപ്പോൾ കേരളത്തിൽ ഒരു മുന്നണി ഭരിക്കുമ്പോൾ പ്യുവർ കമ്മ്യൂണിസ്റ്റുകളല്ല, മതവിശ്വാസികളെക്കൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മുന്നണിയാണ് ഭരിക്കുന്നത്. അത് രണ്ടും രണ്ടായി കാണാനുള്ള കെൽപ്പ് വിവേകമുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

