അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ദിലീപിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി: നടൻ ദിലീപിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. ദിലീപ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ഭീഷണി മുഴക്കുന്നതായുള്ള ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ദിലീപിനെതിരെയുള്ള കേസിൽ അന്വേഷണം നടത്തിയത്. ഇവരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസിലെ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി അനൂപുമാണ്. ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പുവും അഞ്ചാം പ്രതി ബാബു ചെങ്ങമനാടുമാണ്. ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നാണ് എഫ്.ഐ.ആറിലുള്ളത്.

പേര് ചേർക്കാത്താത്ത ആറാം പ്രതിക്കെതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. ശനിയാഴ്ച കൊച്ചിയിൽ എഡിജിപി എസ്. ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ദിലീപിനെ വീണ്ടും ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം. ചോദ്യം ചെയ്യലിനായി ഉടൻ ദിലീപിന് നോട്ടീസ് നൽകാനാണ് സാധ്യത. പൾസർ സുനിയെ ജയിലിലെത്തി ചോദ്യംചെയ്യാനും യോഗത്തിൽ തീരുമാനമാനിച്ചതായും സൂചനയുണ്ട്.