രാഷ്ട്രപതിയ്ക്ക് ഡി ലിറ്റ് നൽകുന്ന വിഷയം; വിസി നൽകിയ കത്തിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിശകും

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ കത്തിൽ അക്ഷരത്തെറ്റുകളും വ്യാകരണ പിശകും. വിസി നൽകിയ കത്തിൽ പല സ്ഥലങ്ങളിലും വ്യാകരണ പിശകും അക്ഷരത്തെറ്റുകളുമുണ്ട്. ഡി ലിറ്റ് എന്ന് എഴുതിയിരിക്കുന്നതുപോലും തെറ്റിായാണ്. ഈ വിഷയത്തെ ഇത്ര നിസാരമായി കൈകാര്യം ചെയ്തതിലൂടെ ഗവർണറെ മാത്രമല്ല, രാഷ്ട്രപതിയെയും ആക്ഷേപിക്കുകയാണ് കേരള സർവകലാശാല അധികൃതർ ചെയ്തതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്. വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നും കത്തിൽ പറയുന്നു. ഇടത് സിൻഡിക്കേറ്റംഗങ്ങളുടെ താത്പര്യപ്രകാരം സർക്കാരിന്റെ അഭിപ്രായം തേടിയശേഷമാണ് വി.സി കത്തുനൽകിയതെന്നാണ് റിപ്പോർട്ട്.