ന്യൂഡൽഹി: ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. 750 ൽ അധികം ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. പല ആശുപത്രികളിലും ഒപി പരിശോധന നിർത്തിവെച്ചിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ കോവിഡ് കണ്ടെത്തിയത് 1300 ലധികം ആരോഗ്യ പ്രവർത്തകർക്കാണ്.
ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം വർധിച്ചതോടെ ഡൽഹിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായി. എയിംസിൽ ഒരു ദിവസത്തിനിടെ നൂറിലധികം ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാനൂറിലധികം ആശുപത്രി ജീവനക്കാരാണ് ക്വാറന്റെയ്‌നിൽ പ്രവേശിച്ചത്.
350 ൽ അധികം റെസിഡന്റ് ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എയിംസിൽ ഓപി പരിശോധനകൾ നിർത്തിവെച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് വിവരം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഹരിയാനയിലെ പിജിഐഎംഎസ് ആശുപത്രിയിൽ 50 ഡോക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ.

