തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ വ്യാപക ക്രമക്കേട്. കോർപറേഷനിലും സോണൽ ഓഫിസുകളിലും വിജിലൻസ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആറ്റിപ്ര സോണൽ ഓഫിസിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഫ്‌ളാറ്റുടമകൾ അനധികൃത നിർമാണം നടത്തിതായി കഴക്കൂട്ടം സോണൽ ഓഫിസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ നിർമ്മാൺ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നത്.
സംസ്ഥാനത്തെ കോർപറേഷനുകളിലും സോണൽ ഓഫിസുകളിലും കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. അപേക്ഷകൾ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് പരിശോധനയിൽ തെളിഞ്ഞു. 611 അപേക്ഷകളാണ് ഇത്തരത്തിൽ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. കൈക്കൂലിയ്ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ അപേക്ഷകൾ തീർപ്പാക്കാതെ പിടിച്ചുവെച്ചിരിക്കുന്നത്. കോർപറേഷൻ പരിധിയിലെ 81 പരസ്യ ബോർഡുകൾക്ക് ലൈസൻസില്ല. ബഹുനില കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് കൈമാറാതെ പിടച്ചുവച്ചിരിക്കുന്നുണ്ടെന്നും പരിശോധനയിൽ വിജിലൻസിന് ബോധ്യപ്പെട്ടു.
തൃശൂർ കോർപറേഷനിൽ സാധാരണക്കാരുടെ കെട്ടിട നിർമാണ അനുമതിക്കുവേണ്ടിയുള്ള അപേക്ഷകൾ കൂട്ടത്തോടെ തള്ളിയെന്നും വൻകിടക്കാർക്കുവേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം വിജിലൻസ് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.

