സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ പാക് -ചൈനീസ് ബന്ധം; നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. കേസിൽ പാക് -ചൈനീസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിലെ പ്രതിയായ മലയാളി പാകിസ്താൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ തുടങ്ങിയവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

അതേസമയം കേസിലെ പ്രതി ഇബ്രാഹിം പുല്ലാട്ടിൽ 168 പാക് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ വ്യക്തമാക്കി. പാകിസ്താൻകാരനായ മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിർ, ചൈനീസ് വനിതകളായ ഫ്ളൈ, ലീ എന്നിവർക്കാണ് പ്രതി റൂട്ടുകൾ വിറ്റത്. മാസങ്ങളോളമാണ് ഇവർ ഇന്ത്യയിൽ സിസ്റ്റം പ്രവർത്തിപ്പിച്ചിരുന്നത്. 35 ലക്ഷം രൂപയാണ് ഈ ഇടപാടിലൂടെ ഇബ്രാഹിം പുല്ലാട്ടിന് ലഭിച്ചത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇബ്രാഹിം പുല്ലാട്ടിലിന്റെ പ്രവർത്തികളെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.