അഫ്ഗാനിസ്താനിലേക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും കയറ്റി അയക്കൽ; ഇന്ത്യയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ

ന്യൂഡൽഹി: ഇന്ത്യയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ. അഫ്ഗാനിസ്താനിലേക്ക് മരുന്നും ഭക്ഷ്യധാന്യങ്ങളും കയറ്റി അയക്കുന്നതിലാണ് ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന വാഗ്ദാനം നൽകി ഇറാൻ രംഗത്തെത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുല്ലാഹിൻ ഇക്കാര്യത്തിൽ ഉറപ്പു നൽകി. ഇന്ത്യ അഫ്ഗാൻ ജനതയെ സഹായിക്കാനായി കയറ്റി അയച്ച 50,000 ടൺ ഗോതമ്പ് കഴിഞ്ഞ ദിവസം പാകിസ്താൻ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് അറിയിച്ചത്.

അഫ്ഗാനിലെ കോവിഡ് സാഹചര്യവും ജനങ്ങൾ നേരിടുന്ന വെല്ലുവിളികളും ഇറാൻ മന്ത്രിയുമായി ചർച്ച ചെയതുവെന്ന് എസ് ജയ്ശങ്കർ വ്യക്തമാക്കി. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണകൂടത്തിന്റെ ആവശ്യകതയെ കുറിച്ചും ഇരുവരും തമ്മിൽ സംസാരിച്ചു.

ജനുവരി ഒന്നിന് ഇന്ത്യ 5 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അഫ്ഗാനിലേക്ക് കയറ്റി അയച്ചിരുന്നു. അഫ്ഗാനിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ടെഹ്റാൻ വഴിയാണ് ഇന്ത്യ രാജ്യത്തേക്ക് വാക്‌സിൻ എത്തിച്ചത്. ജനുവരി ഏഴിന് രണ്ടു ടൺ ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. അഫ്ഗാൻ സഹായം നൽകുന്നതിനായി റോഡ് തുറന്നുതരാമെന്ന് പാകിസ്താൻ ആദ്യം വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് വാക്കു മാറുകയായിരുന്നു.