തിരുവനന്തപുരം: സിനിമാ മേഖലയിൽ സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളവരുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ജീവഭയം ഉള്ളതിനാലാണ് പലകാര്യങ്ങളും പുറത്തു പറയാത്തതെന്ന് പാർവതി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.
മലയാള സിനിമാ ഇൻഡസ്ട്രിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ഹേമ കമ്മിഷനിൽ മൊഴി നൽകിയിട്ടുണ്ടെന്നും ഇൻഡസ്ട്രിയിലെ വളരെ പ്രമുഖരായ പല വ്യക്തികളെ പറ്റിയും ഈ മൊഴികളിൽ പരാമർശിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
സിനിമാ ഇൻഡസ്ട്രിയിലെ പല പ്രമുഖരുടെ പേരുകൾ മൊഴികളിൽ ഉള്ളതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തത്. ഫോൺ കോളുകളിലൂടെ ഇടയ്ക്കിടെ ഭീഷണികൾ എത്താറുണ്ട്. ജോലി ചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ല. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിൽ നിരാശയും ദേഷ്യവുമുണ്ട്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരാത്തതിന് കാരണം മൊഴി കൊടുത്തവരുടെ പേര് അതിനകത്തുണ്ട് എന്നത് കൊണ്ടല്ല. ആർക്കൊക്കെ എതിരെയാണോ മൊഴി നൽകിയത് അവരുടെ പേരുകൾ പുറത്തു വരരുത് എന്നുള്ളത് കൊണ്ടാണ് റിപ്പോർട്ട് പുറത്തുവരാത്തതെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.

