ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കുകയെന്നാണ് വിവരം.
ഫെബ്രുവരി പത്തുമുതൽ മാർച്ച് ഏഴുവരെ വിവിധ ഘട്ടങ്ങളിലായാണ് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അഞ്ചു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കോവിൻ ആപ്പിൽ വരുത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഒറ്റദിവസം മാത്രമായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഉത്തർപ്രദേശിൽ ഏഴുഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മണിപ്പൂരിൽ രണ്ടുഘട്ടമായിട്ടും തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക. അതേസമയം ജനുവരി 15 വരെ എല്ലായിടത്തും റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോ തുടങ്ങിയവയ്ക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കേർപ്പെടുത്തി.

