ന്യൂഡൽഹി: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ വിയോജിപ്പ് അറിയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ നൽകിയ കത്ത് പുറത്തു വന്ന സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കത്തിന്റെ വിവരങ്ങളെ കുറിച്ച് അറിയില്ലെന്ന് ഗവർണർ പ്രതികരിച്ചു.
ഭരണഘടന സ്ഥാപനങ്ങളെ അപമാനിച്ച് സംസാരിക്കാനില്ലെന്നും രാജ്യത്തിന്റെ അന്തസിനെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് ഇങ്ങനെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. പക്ഷേ ഇനി കാര്യങ്ങൾ ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് സമയം കൊടുക്കുകയാണ് താൻ. ഇനിയെന്ത് വേണമെന്ന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നിഷേധിച്ചെന്ന് അറിയിച്ച് കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡിസംബർ ഏഴിനാണ് വൈസ് ചാൻസലർ ഗവർണർക്ക് കത്ത് നൽകിയത്. സിൻഡിക്കേറ്റ് ഡി ലിറ്റ് ശുപാർശ തള്ളിയെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്ത് കൈമാറിയത്. വെള്ളക്കടലാസിലാണ് കത്ത് എഴുതിയിട്ടുള്ളത്.

