ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്‌നാട്. കർശന നിബന്ധനകളോടെയാണ് ജെല്ലിക്കെട്ടിന് അനുമതി നൽകിയത്. പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കോവിഡ് രോഗികളുടെ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നിബന്ധനകളോടെയാണ് തമിഴ്നാട് സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകിയത്.
കാളയുടെ ഉടമയ്ക്കും ഒരു സഹായിക്കും മാത്രമാകും റിംഗിൽ ഇറങ്ങാൻ അനുമതി നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇവർ ഹാജരാക്കേണ്ടതാണ്. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ളത്. ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ജില്ലാ ഭരണകൂടം പ്രത്യേക ഐഡി കാർഡ് നൽകും. കാർഡില്ലാത്തവർക്ക് റിംഗിൽ പ്രവേശനം അനുവദിക്കില്ല.
പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ജെല്ലിക്കെട്ട് നടക്കുക. ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ്. പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്നത്. ജെല്ലിക്കെട്ടിനോടനുബന്ധിച്ച് പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.

