ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനുകളായ കൊവാക്സിനും കൊവിഷീൽഡ് വാക്സിനും പൂർണ വാണിജ്യ അനുമതി നൽകാൻ ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പൂർണ്ണ വാണിജ്യ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകും സിറം ഇൻസ്റ്റിറ്റ്യൂട്ടും നേരത്തെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾ പരിശോധിച്ച ശേഷമാണ് വിദഗ്ധ സമിതിയുടെ നടപടി.
നിലവിൽ കൊവാക്സിനും കൊവിഷീൽഡ് വാക്സിനും അനുമതിയുള്ളത് അടിയന്തര ഉപയോഗത്തിന് മാത്രമാണ്. വാണിജ്യ ആവശ്യങ്ങൾക്ക് അനുമതി നൽകുക നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. ജനുവരി മൂന്നിനാണ് കൊവിഷീൽഡിനും കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.
രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ ട്രയൽ മൂന്നിൽ രണ്ടും വിജയകരമായി പൂർത്തിയാക്കിയെന്നും ഇതുവരെ ലോകത്താകെ 100 കോടി ഡോസ് കൊവിഷീൽഡ് വിതരണം ചെയ്തുവെന്നും വിലയിരുത്തിയിരുന്നു. വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ ഇരുവാക്സിൻ കമ്പനികളോടും വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങളും സർക്കാർ ആരംഭിച്ചു.
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളും കർശനമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15.13 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

