കുതിരാൻ; രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്ന് ദേശീയപാതാ അതോറിറ്റി

ന്യൂഡൽഹി: കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്ന് ദേശീയപാതാ അതോറിറ്റി. തൃശൂർ ജില്ലാ കളക്ടറെ ദേശീയപാതാ അതോറിറ്റി ഇക്കാര്യം അറിയിച്ചു. കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. കുതിരാൻ തുറക്കുന്ന കാര്യം സംബന്ധിച്ച് അടുത്ത ദിവസം സർക്കാർ തലത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർഫോഴ്‌സ് വിഭാഗം നേരത്തെ അനുമതി നൽകിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടും ഫയർഫോഴ്‌സ് സമർപ്പിച്ചിരുന്നു. തുരങ്കത്തിലെ അപകട, പ്രതിരോധ സംവിധാനങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടി. രണ്ടാം തുരങ്കത്തിൽ തീ പിടുത്തമുണ്ടായാൽ ഇരുപത്തിനാലു മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാൻ പ്രത്യേക ഫാനുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക വെളിച്ച സംവിധാനങ്ങളുമുണ്ട്. 972 മീറ്ററാണ് തുരങ്കത്തിന്റെ ദൂരം. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകൾ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാൽ ഇതുവഴി പുറത്തു കടത്താൻ കഴിയും.

അതേസമയം കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയായെന്നും ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കാൻ തയ്യാറാണെന്നും നേരത്തെ കരാർ കമ്പനി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നാൽ തുരങ്കം തുറന്നാലുടൻ ടോൾ പിരിവ് തുടങ്ങാനുള്ള കരാർ കമ്പനിയുടെ നീക്കം അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ വ്യക്തത ഉണ്ടായ ശേഷം മാത്രമെ തുരങ്കം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.