General (Page 1,243)

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരിൽ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ കാണുന്നതിനാൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ശക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക ആരോഗ്യതലം മുതൽ മെഡിക്കൽ കോളേജുകൾ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഏതാണ്ടത്രയും പേർ തന്നെ കോവിഡ് മുക്തരാകാറുണ്ട്. കോവിഡ് മുക്തരായവരിൽ കണ്ടു വരുന്ന വിവിധ തരം രോഗലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകും. കോവിഡ് മുക്തരായ എല്ലാവർക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്കവിധമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ പ്രവർത്തിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

കോവിഡ് മുക്തരായവരിൽ അമിത ക്ഷീണം, പേശീ വേദന മുതൽ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങൾ വരെ കണ്ടുവരുന്നതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴ് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കോവിഡ് രോഗങ്ങൾക്ക് ചികിത്സ തേടിയത്. ഇതിൽ 53,280 പേരിൽ ശ്വാസകോശം, 8609 പേരിൽ ഹൃദ്രോഗം, 19,842 പേരിൽ പേശീ വേദന, 7671 പേരിൽ ന്യൂറോളജിക്കൽ, 4568 പേരിൽ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 2732 പേരെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്തു. 1294 പേർക്കാണ് കിടത്തി ചികിത്സ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

സംസ്ഥാന, ജില്ലാ, സ്ഥാപന തലങ്ങളിൽ പ്രത്യേക സമിതികളാണ് സർക്കാർ, സ്വകാര്യ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പും മേൽനോട്ടത്തവും വഹിക്കുന്നത്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ട് എത്തിയോ ഫോൺ വഴിയോ ഇ സ്ജീവനി ടെലിമെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ജനറൽ മെഡിസിൻ, ഹൃദ്രോഗ വിഭാഗം , റെസ്പിറേറ്ററി മെഡിസിൻ, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെർമറ്റോളജി, ഇ.എൻ.ടി., അസ്ഥിരോഗവിഭാഗം, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങൾ ഇവിടെ ലഭ്യമാകും. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വ്യായാമ പരിശീലനം, ബോധവത്കരണം, പുകയില ഉപയോഗം നിർത്തുവാനുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടെയുള്ള പൾമണറി റിഹാബിലിറ്റേഷൻ സേവനങ്ങളും ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില, വാക്സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ, ക്ലാസ്സുകളുടെ പുരോഗതി മുതലായവ) വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ആർഡിഡിമാരും, എ.ഡി.മാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് ക്യാമ്പയിൻ നടത്തണം. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ
അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും. ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ല.. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസ്സുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ പോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾ തലത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം. ഹയർ സെക്കണ്ടറി ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.

കോവിഡ് പോസിറ്റീവ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിൽ ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

ഹർജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് കോടതിയോട് പറഞ്ഞു.

കുറ്റ്യാടി ഹയർ സെക്കന്ററി സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഹിജാബ് ധരിക്കണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‌സാപ്പിലെ സ്‌കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്‌കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും അധ്യാപകർ കുട്ടിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഭരണഘടനയുടെ 25(1) വകുപ്പ് പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ അവകാശമാണെന്നും, മതപരമായ വസ്ത്രം താൻ ധരിക്കുന്നത് കൊണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അച്ചടക്കത്തെയോ മറ്റുള്ളവരുടെ അവകാശത്തെയോ താൻ ഹനിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി ഹർജി സമർപ്പിച്ചത്.

കുട്ടികളിൽ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളർത്താനായി രൂപീകരിച്ച സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയിൽ എന്തിനേക്കാൾ പ്രാധാന്യം രാജ്യത്തിനാണെന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വ്യക്തമാക്കി. ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. കേരളാ പൊലീസിൽ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എൻസിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയിൽ ഒരേ യൂണിഫോമാണുള്ളത്. മതപരമായ ചിഹ്നങ്ങൾ അനുവദിക്കാറില്ല. കാക്കി പാന്റ്, കാക്കി ഷർട്ട്, കറുത്ത ഷൂ, കാക്കി സോക്‌സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതൽ ജൻഡർ ന്യൂട്രൽ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. അവിടെ ഇത് വരെ മതപരമായ ചിഹ്നങ്ങൾ അനുവദിച്ചിട്ടില്ല. നിലവിൽ എസ്പിസിയിൽ ട്രെയിനിംഗ് പൂർത്തിയാക്കിയതൽ 50 ശതമാനം പേരും പെൺകുട്ടികളാണ്. ഇതിൽ മതം വേർതിരിച്ച് എത്ര പെൺകുട്ടികളുണ്ട് എന്ന് ആഭ്യന്തരവകുപ്പ് കണക്കാക്കിയിട്ടില്ല. എങ്കിലും ഏതാണ്ട് 12 ശതമാനമെങ്കിലും പെൺകുട്ടികൾ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നു എന്നാണ് കണക്കുകൂട്ടൽ. ഇതുവരെ അതിലൊരാൾ പോലും മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

എസ്പിസി എന്നത് ഒരു നിർബന്ധിത സേവനം അല്ല. തീർത്തും വൊളന്ററിയായി മാത്രം കുട്ടികൾക്ക് സ്വീകരിക്കാവുന്ന സർവീസാണ്. ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങൾ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമുണ്ട്. കുട്ടികൾക്കിടയിൽ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റെന്നും അതിനാൽ ഹർജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെ. വി മനോജ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് കൈമാറാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. എല്ലാവരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. കാണാതായ രണ്ടുപേര്‍ സഹോദരിമാരാണ്. കമ്മീഷന്‍ അംഗം ബി. ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും.

കൊച്ചി: കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് ഹൈക്കോടതി വെറുതെ വിട്ടു. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എന്നാല്‍, എന്‍ഐഎ കോടതി ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീലും കോടതി തള്ളി.

ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായിട്ടായിരുന്നു 2006 മാര്‍ച്ചില്‍ ഇരട്ട സ്‌ഫോടനം നടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകൾ കൂടി സി കാറ്റഗറിയിൽ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ കാറ്റഗറി തിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കോവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകൾക്കും ഈ ജില്ലകളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.

സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ നടപടികൾ സ്‌നീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.

സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ

  1. മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
    വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ

2. പരമാവധി എണ്ണം 20 ആയിരിക്കും.

3. സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

4. എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചില തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.്.

ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. എന്നാല്‍, മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്. പല തെളിവുകളും ദിലീപിനു മുന്നില്‍ അന്വേഷണ സംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പ്രതികരിച്ചത്.

അതേസമയം, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ചൊവ്വാഴ്ച അന്വേഷണ സംഘം വിളിച്ചു വരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസന്‍ തിരിച്ചറിയുകയും എന്നാല്‍, കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസന്‍ മാധ്യമങ്ങളോടു പറഞ്ഞു.

മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസ്. മുബൈ പോലീസാണ് സുന്ദർ പിച്ചെക്കെതിരെ കേസെടുത്തത്. പകർപ്പവകാശ ലംഘനത്തിനാണ് നടപടി. ഗൂഗിൾ സിഇഒ ഉൾപ്പെടെ ആറ് കമ്പനി തലവൻമാർക്കെതിരായി കോടതിയിൽ സമർപ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാവ് സുനിൽ ദർശനാണ് ഇവർക്കെതിരെ പരാതി നൽകിയത്. പകർപ്പവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ട് ഉടൻ തന്നെ ഗൂഗിളിന് ഇ മെയിൽ അയച്ചിരുന്നുവെന്നും അവരിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നുമാണ് സുനിൽ ദർശന്റെ പരാതി.

2017 ലായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നത്. ഗൂഗിളിന്റെ സാങ്കേതിക വിദ്യയോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും തനിക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ഉറപ്പുവരുത്തിയില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. 1957 ലെ പകർപ്പവകാശ നിയമത്തിന്റെ 51,63,69 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പോലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു. കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. മാദ്ധ്യമപ്രവർത്തകരാണ് വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. പിന്നീട് പതാക ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിയിൽ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ. കോടതി വിധി യുക്തി സഹമല്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ അപ്പീൽ നൽകുമെന്നും വി എസ് അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവ്. കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന് മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്.

പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി തന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും അപ്പീലുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വിശദമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി ‘റിപ്പോർട്ടർ ചാനൽ’ അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീ.ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.

കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്‌കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ.ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ.ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക്അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.