ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അധ്യാപകരും അനധ്യാപകരും സ്‌കൂളുകളിൽ എല്ലാ ദിവസവും ഹാജരാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച (അധ്യാപക/അനധ്യാപക ജീവനക്കാരുടേയും കുട്ടികളുടേയും ഹാജർനില, വാക്സിനേഷൻ സ്റ്റാറ്റസ്, കോവിഡ് കേസുകളുടെ എണ്ണം, ഡിജിറ്റൽ/ഓൺലൈൻ, ഓഫ്‌ലൈൻ, ക്ലാസ്സുകളുടെ പുരോഗതി മുതലായവ) വിവരങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ആർഡിഡിമാരും, എ.ഡി.മാരും റിപ്പോർട്ട് ഡയറക്ടറേറ്റിലേക്ക് നൽകണം. വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഴ്ചയിലൊരിക്കൽ സർക്കാരിനും പ്രസ്തുത റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. വാക്സിനേഷൻ നൽകുന്നത് സംബന്ധിച്ച് ക്യാമ്പയിൻ നടത്തണം. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ സർക്കാരിന്റെ
അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കും. ഫ്രണ്ട് ഓഫീസ് എല്ലാ ജില്ലയിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

10, 12 ക്ലാസ്സുകളിലേയ്ക്കുള്ള വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട കുട്ടികൾക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാകേണ്ടതില്ല.. ഈ അധ്യയന വർഷം തുടക്കം മുതൽ തന്നെ ഡിജിറ്റൽ/ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. നവംബർ 1 ന് ഓഫ്‌ലൈൻ ക്ലാസ്സുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ പോലുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾ തലത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം. ഹയർ സെക്കണ്ടറി ഇംപ്രൂവ്മെൻറ്/സപ്ലിമെന്ററി പരീക്ഷ ഈ മാസം 31 ന് ആരംഭിക്കും.

കോവിഡ് പോസിറ്റീവ് കുട്ടികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക റൂം ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷക്ക് മുമ്പാണ് ഇപ്പോൾ പ്രാക്ടിക്കൽ പരീക്ഷ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.