കൊച്ചി: കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയുമാണ് ഹൈക്കോടതി വെറുതെ വിട്ടു. തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തം തടവിനുമാണ് എന്‍.ഐ.എ. കോടതി ശിക്ഷിച്ചിരുന്നത്. എന്നാല്‍, എന്‍ഐഎ കോടതി ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ നല്കിയ അപ്പീലിലാണ് കോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.
കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. അബ്ദുള്‍ ഹാലിം, അബുബക്കര്‍ യൂസഫ് എന്നീ രണ്ട് പ്രതികളെ വിചാരണ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്കിയ അപ്പീലും കോടതി തള്ളി.
ആകെ 9 പ്രതികളുള്ള കേസില്‍, ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ ഇനിയും കഴിഞ്ഞിട്ടില്ല. കോഴിക്കോട് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിലും മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുമായിട്ടായിരുന്നു 2006 മാര്‍ച്ചില്‍ ഇരട്ട സ്ഫോടനം നടന്നത്.

