കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റു പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചില തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നതടക്കം പ്രോസിക്യൂഷന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.്.
ചൊവ്വാഴ്ച വരെയായിരുന്നു ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യംചെയ്യലാണു നടന്നത്. രണ്ടുദിവസങ്ങളിലായി ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകള്‍ ചേര്‍ത്തുള്ള ചോദ്യങ്ങളും ചോദിച്ചു. എന്നാല്‍, മൂന്നാംദിനവും കുറ്റംചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ദിലീപ്. പല തെളിവുകളും ദിലീപിനു മുന്നില്‍ അന്വേഷണ സംഘം നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകന് ബാലചന്ദ്രകുമാര്‍ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പ്രതികരിച്ചത്.
അതേസമയം, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാടിനെ ചൊവ്വാഴ്ച അന്വേഷണ സംഘം വിളിച്ചു വരുത്തി. ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസന് തിരിച്ചറിയുകയും എന്നാല്‍, കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് വ്യാസന് മാധ്യമങ്ങളോടു പറഞ്ഞു.

