റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് ഗുരുതര വീഴ്ച

കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പോലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചു. കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. മാദ്ധ്യമപ്രവർത്തകരാണ് വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. പിന്നീട് പതാക ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.