തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകൾ കൂടി സി കാറ്റഗറിയിൽ. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം ജില്ലയെ മാത്രമായിരുന്നു സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ കാറ്റഗറി തിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കോവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകൾക്കും ഈ ജില്ലകളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ കാറ്റഗറി രണ്ടിലും, മലപ്പുറം, കോഴിക്കോട് ജില്ലകൾ കാറ്റഗറി ഒന്നിലുമാണ്. വെള്ളിയാഴ്ച മുതൽ ഈ ജില്ലകളിൽ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കാസർഗോഡ് ജില്ല നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.
സെക്രട്ടേറിയറ്റിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോവിഡ് വാർ റൂം പുനരാരംഭിച്ചു. കോവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റർ ഉൾപ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റർ ചെയ്യും. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോൾ ആനുപാതികമായി ആശുപത്രികളിലും തിരക്ക് വർദ്ധിക്കുമെന്നതിനാൽ മുൻകരുതൽ നടപടികൾ സ്നീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. കരുതൽവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടൽ വളരെ പ്രധാനമാണ്. കോവിഡ് ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തണം.
ആശുപത്രികളിൽ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ
- മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.
വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ
2. പരമാവധി എണ്ണം 20 ആയിരിക്കും.
3. സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.
4. എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ ഓഫ്ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ഈ ജില്ലകളിൽ തുടരും.

