പകർപ്പവകാശ ലംഘനം; ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസ്

മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചെക്കെതിരെ കേസ്. മുബൈ പോലീസാണ് സുന്ദർ പിച്ചെക്കെതിരെ കേസെടുത്തത്. പകർപ്പവകാശ ലംഘനത്തിനാണ് നടപടി. ഗൂഗിൾ സിഇഒ ഉൾപ്പെടെ ആറ് കമ്പനി തലവൻമാർക്കെതിരായി കോടതിയിൽ സമർപ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിർമ്മാതാവ് സുനിൽ ദർശനാണ് ഇവർക്കെതിരെ പരാതി നൽകിയത്. പകർപ്പവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ട് ഉടൻ തന്നെ ഗൂഗിളിന് ഇ മെയിൽ അയച്ചിരുന്നുവെന്നും അവരിൽ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നുമാണ് സുനിൽ ദർശന്റെ പരാതി.

2017 ലായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നത്. ഗൂഗിളിന്റെ സാങ്കേതിക വിദ്യയോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും തനിക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ ഉറപ്പുവരുത്തിയില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. 1957 ലെ പകർപ്പവകാശ നിയമത്തിന്റെ 51,63,69 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.