ന്യൂഡൽഹി: അടുത്ത ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ചന്ദ്രചൂഡ്. നവംബർ 9 നാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ചന്ദ്രചൂഡിനെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. 2024 നവംബർ പത്തിനാണ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. രണ്ട് വർഷം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാൻ കഴിയും.
യു യു ലളിത് നവംബർ എട്ടിന് വിരമിക്കും. 2016 മേയ് 13നാണ് ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. അലഹബാദ് ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു.
ബോംബെ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ ഇന്ത്യയുടെ അഡിഷനൽ സോളിസിറ്റർ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. അച്ഛനും മകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്നു എന്നതാണ് ചന്ദ്രചൂഡിന്റെ നിയമനത്തിലെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊന്ന്.
അച്ഛൻ ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏഴ് വർഷവും നാല് മാസവും 19 ദിവസവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദയാവധം, സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കൽ, ഹാദിയ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്ത്രീകളുടെ ഗർഭഛിദ്രാവകാശം, അങ്ങനെ സമീപകാലത്ത് രാജ്യം ചർച്ച ചെയ്ത, രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ നിരവധി വിധിന്യായങ്ങളിൽ അദ്ദേഹത്തിന്റെ നീതിബോധം പ്രകടമാണ്.

