അഹമ്മദാബാദ്: ഗുജറാത്തിലെ വാണിജ്യ നഗരമായ അഹമ്മദാബാദിലും മാള് തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. 3000 കോടി രൂപ നിക്ഷേപത്തിലാണ് ലുലു മാള് ഉയരുന്നത്. നിര്മാണ പ്രവര്ത്തനങ്ങള് അടുത്ത ജനുവരിയില് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി അറിയിച്ചു. എഴുപതുകളുടെ തുടക്കത്തില് തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധമാണെന്നും തന്റെ പിതാവും കുടുംബാംഗങ്ങളും വര്ഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും അദ്ദേഹം അനുസ്മരിച്ചു.
അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല് കഴിഞ്ഞ വര്ഷം യുഎഇ സന്ദര്ശിച്ചപ്പോള് ഗുജറാത്തില് മുതല് മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലും സംസ്ഥാന സര്ക്കാരും ലുലു ഗ്രൂപ്പും ഒപ്പു വച്ചിരുന്നു. 30 മാസത്തിനുള്ളില് പണി പൂര്ത്തിയാക്കാനാണ് ഉദ്ദേശം. ലുലു ഹൈപ്പര്മാര്ക്കറ്റ്, കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായുള്ള ഫണ്ടുറ, 15 സ്ക്രീന് സിനിമ, മുന്നൂറിലധികം ദേശീയവും അന്തര്ദേശീയവുമായ ബ്രാന്ഡുകള്, വിശാലമായ ഫുഡ് കോര്ട്ട്, മള്ട്ടി ലെവല് പാര്ക്കിങ് എന്നിവ ഉണ്ടായിരിക്കും. പ്രാദേശിക കാര്ഷികോല്പന്നങ്ങള്ക്കും മാളില് വിപണന സൗകര്യമുണ്ടാകും.
ലുലു മാള് പ്രവര്ത്തിക്കുന്നതോടെ 6000 പേര്ക്ക് നേരിട്ടും 15,000ത്തില് അധികം പേര്ക്ക് പരോക്ഷമായും തൊഴില് ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര് എ വി ആനന്ദ് റാം വ്യക്തമാക്കി.

