വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിൽ സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായതാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

ഇക്കാര്യം സമരസമിതിയോട് തന്നെ വ്യക്തമാക്കിയതാണ്. കാര്യങ്ങൾ തീരുമാനമാവുക എന്ന നില ചർച്ചയിൽ ഉണ്ടാവുകയും അതിനു ശേഷം വീണ്ടും സമരം തുടർന്നു പോകുന്നതും ന്യായമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്ന് തന്നെയാണ് സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.

നാല് ആവശ്യങ്ങളാണ് ദയാബായി സമരത്തിൽ ഉയർത്തിയിട്ടുള്ളത്. എയിംസുമായി ബന്ധപ്പെട്ട ആവശ്യമൊഴിച്ച് മറ്റുള്ളതെല്ലാം നടപ്പിലാക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. കാസർകോഡ് ജില്ലയിലെ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി തുടങ്ങിയിടങ്ങളിൽ ദുരിതബാധിതർക്കു പ്രത്യേക മുൻഗണന ഉറപ്പാക്കും. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി പൂർണമായി സജ്ജമാകുമ്പോൾ അവിടെയും ഇപ്പോൾ മറ്റ് ആശുപത്രികളിലുള്ള സൗകര്യം ഒരുക്കും. ടാറ്റ ട്രസ്റ്റ് ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കുമെന്നു പറഞ്ഞിട്ടുണ്ട്. പകൽ പരിചരണ കേന്ദ്രത്തിന്റെ ആവശ്യത്തിലും പ്രത്യേക പരിഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.