Highlights (Page 77)

ഡിസ്‌നി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്‌നി. കമ്ബനി വൈകാതെ തന്നെ ജോലികള്‍ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായാണ് ഡിസ്‌നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്. ഡിസ്‌നിയില്‍ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരില്‍ നിന്ന് എത്രത്തോളം ജോലികള്‍ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകള്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

വരുമാനത്തിന്റെ കാര്യത്തില്‍ ഡിസ്‌നി പിന്നിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്ബനിയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. 52 ആഴ്ചയിലെ ഓഹരി വിവരങ്ങള്‍ നോക്കിയാല്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഡിസ്‌നിയുടെ ഓഹരി. കമ്ബനിയുടെ ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ മാനേജ്‌മെന്റ് സജീവമായി വിലയിരുത്തുകയാണെന്ന് കമ്ബനിയുടെ സിഎഫ്ഒ ക്രിസ്റ്റിന്‍ മക്കാര്‍ത്തി പറഞ്ഞു. വാര്‍ണര്‍ ബ്രോസ്, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുള്‍പ്പെടെയുള്ള സ്ട്രീമിംഗ് കമ്ബനികള്‍ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികളെ വെട്ടി കുറയ്ക്കുന്നതിനെ പറ്റി ഡിസ്‌നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തില്‍ നിന്നുള്ള ആദ്യ സ്വദേശ് ദര്‍ശന്‍ വിനോദയാത്രാ തീവണ്ടി സര്‍വീസ് കാശി, അയോധ്യ, അലഹബാദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) ആണ് സര്‍വീസൊരുക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 10-ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഒഡീഷ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളും പൈതൃക നിര്‍മിതികളും സന്ദര്‍ശിച്ച് പത്തു ദിവസത്തെ തീര്‍ഥയാത്രയ്ക്കു ശേഷം ഡിസംബര്‍ 20-ന് മടങ്ങിയെത്താനാകും.

സ്ലീപ്പര്‍ ക്ലാസ് അല്ലെങ്കില്‍ തേര്‍ഡ് എ.സി. ട്രെയിന്‍ യാത്ര, യാത്രകള്‍ക്ക് വാഹനം, രാത്രി താമസങ്ങള്‍ക്ക് ഹോട്ടലുകളിലോ, ഹാളുകളിലോ താമസ സൗകര്യം, മൂന്നു നേരം ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്-സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവ 20,500 രൂപ മതലുള്ള പാക്കേജില്‍ ഉള്‍പ്പെടുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍നിന്നും തീവണ്ടിയില്‍ കയറാം. കൊണാര്‍ക്ക് സൂര്യ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, ഗയയിലെ വിഷ്ണുപാദ ക്ഷേത്രം, വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മറ്റ് അമ്പലങ്ങളും ഗംഗ ആരതിയും, അയോധ്യയിലെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും, സരയു നദി, ഗംഗയമുനസരസ്വതി നദികളുടെ സംഗമകേന്ദ്രമായ പ്രയാഗ്‌രാജിലെ (അലഹബാദ്) ത്രിവേണി സംഗമം തുടങ്ങി നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഈ യാത്രയിലൂടെ സന്ദര്‍ശിക്കാം.

കൂടാതെ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജ് വിമാനയാത്ര നവംബര്‍ 19-ന് കോഴിക്കോട് നിന്നും, ഡിസംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും. ഇരുവശത്തേക്കും വിമാന ടിക്കറ്റുകള്‍, ഭക്ഷണത്തോടൊപ്പം ഹോട്ടല്‍ താമസം, യാത്രകള്‍ക്ക് എ.സി. വാഹനം, ഐ.ആര്‍.സി.ടി.സി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ഫോണ്‍: തിരുവനന്തപുരം-8287932095, എറണാകുളം-8287932082, കോഴിക്കോട്-8287932098. വെബ്‌സൈറ്റ്: www.irctctourism.com.

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തിൽ തീർഥാടനത്തിന് തയ്യാറെടുക്കുന്നവർ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ചുവടെയുളള കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവ ഉള്ളവർ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയരോഗങ്ങൾ ഉള്ളവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകൾ എന്നിവ കയ്യിൽ കരുതണം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവിൽ കഴിക്കുന്ന മരുന്നുകൾ നിർത്തരുത്.

മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുൻപ് മുതൽ ദിവസവും അരമണിക്കൂർ നടത്തം/ജോഗിംഗ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ യാത്ര ഒഴിവാക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ തീർത്ഥാടനത്തിനു മുൻപ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.

മിനിമം നിരക്ക് കൂട്ടണം എന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നാളെ മുതല്‍ സ്വിഗ്ഗി ജീവനക്കാര്‍ സമരത്തിലേക്ക്. ആവശ്യം സ്വിഗ്ഗി കമ്പനി നിരസിച്ചതോടെയാണ് സമരത്തിലേക്ക് നീങ്ങാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.

അതേസമയം, നാല് കിലോമീറ്റര്‍ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. പോയി, തിരിച്ചെത്തുമ്പോള്‍ 8 കിമി ആണ് ജീവനക്കാര്‍ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയില്‍ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് സ്വിഗി ജീവനക്കാരുടെ വാദം.

ന്യൂഡൽഹി: ഓർഡിനൻസ് വിഷയത്തിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് കഴിഞ്ഞ ദിവസമാണ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം,ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂവെന്നും നിയമവിരുദ്ധ നടപടി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചണ്ഡീഗഡ്: കാലിത്തീറ്റക്കായി പഞ്ചാബില്‍ നിന്നും വൈക്കോല്‍ കേരളത്തിലേക്ക് കൊണ്ടുവരാനായി ഇരുസര്‍ക്കാരുകളും തമ്മില്‍ ധാരണയിലെത്തി.

കേരളത്തിന് വൈക്കോല്‍ സൗജന്യമായി നല്‍കാമെന്നാണ് പഞ്ചാബ് അറിയിച്ചത്. ഇത് സംസ്ഥാനത്തെത്തിച്ച് സംസ്‌കരിച്ച് കാലിത്തീറ്റയാക്കിയതിന് ശേഷം കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

അതേസമയം, വൈക്കോല്‍ അടക്കമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനാല്‍ പഞ്ചാബിലും അയല്‍ സംസ്ഥാനങ്ങളിലും വായുമലിനീകരണം രൂക്ഷമാക്കുന്നുണ്ട്. പുതിയ ധാരണപ്രകാരം വൈക്കോല്‍ കേരളത്തിലേക്ക് കയറ്റി അയക്കുന്നതോടെ പഞ്ചാബിലെ മാലിന്യ പ്രശ്നത്തിനും പരിഹാരമാകും.

ന്യൂഡൽഹി: വഴിയോര കച്ചവടക്കാർക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ. വഴിയോരക്കച്ചവടക്കാർക്ക് വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാൻമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതിക്ക് കീഴിലുള്ള വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുകയായിരിക്കും ഉയർത്തുക.

കോവിഡ്-19 മഹാമാരി പടർന്നു പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോക്ക്ഡൗൺ കാലത്താണ് പ്രത്യേക മൈക്രോ ക്രെഡിറ്റ് സൗകര്യമായ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതി ആരംഭിച്ചത്, മൂന്ന് തവണകളായി തെരുവോര കച്ചവടക്കാർക്ക് പദ്ധതിയിലൂടെ വായ്പ എടുക്കാൻ കഴിയും.

തെരുവോര കച്ചവടക്കാർക്ക് തങ്ങളുടെ കച്ചവടം വിപുലീകരിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും. 10,000, 20,000, 50,000 തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് കച്ചവടക്കാർക്ക് സാധരണ വായ്പ ലഭിക്കുന്നത്. ആദ്യം നൽകുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

ന്യൂഡല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയയില്‍ തടവിലകപ്പെട്ട ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പെട്ട ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് നൈജീരിയ. ചരക്ക് കപ്പല്‍ കെട്ടിവലിച്ച് നൈജീരിയലിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 26 കപ്പല്‍ ജീവനക്കാരെ ഗിനി സേന രണ്ടു സംഘങ്ങളായി തിരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ യുദ്ധക്കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് നൈജീരിയന്‍ കപ്പല്‍ ലൂബ തുറമുഖത്ത് എത്തിയത്. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്നും ഇന്ത്യന്‍ എംബസി അധികൃതര്‍ എപ്പോള്‍ എത്തുമെന്ന് അറിയില്ലെന്നും കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് വ്യക്തമാക്കി.

അതേസമയം, പതിനഞ്ച് അംഗ നാവികസംഘത്തില്‍ മലയാളിയായ വിജിത്ത്, മില്‍ട്ടന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് ഇന്ത്യക്കാരാണ് ഉള്ളത്. കപ്പല്‍ ജീവനക്കാരുടെ മോചനത്തിനായി ഇരുരാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. കപ്പല്‍ ജീവനക്കാരെ തടവിലാക്കിയതില്‍ ഇക്വിറ്റോറിയല്‍ ഗിനിക്കെതിരെ കപ്പല്‍ കമ്ബനി ഹീറോയിക് ഇന്‍ഡുന്‍ ജര്‍മ്മനിയിലെ അന്താരാട്രിബ്യൂണലിനെ സമീപിച്ചിരുന്നു. നിയമവിരുദ്ധമായാണ് ജീവനക്കാരെ ഇക്വിറ്റോറിയല്‍ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

അതേസമയം, ജീവനക്കാരെ നൈജീരിയയിലേക്കു വിശദമായ അന്വേഷണത്തിനാണ് കൊണ്ടുപോകുന്നതെന്നും ഇക്കാര്യത്തില്‍ രാജ്യാന്തര സമ്മര്‍ദത്തിനു വഴിപ്പെടില്ലെന്നുമാണു നൈജീരിയന്‍ അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ മാറ്റാനുള്ള നീക്കം വീണ്ടും നടക്കുന്നത്. അതിനിടെ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനമെന്ന് വൈസ് പ്രസിഡന്റ് റ്റെഡിന്‍ഗേമ പ്രതികരിച്ചു. ഇന്നലെ അഞ്ച് മണിക്കൂറാണ് മലയാളികള്‍ അടക്കമുള്ള പതിനഞ്ച് ഇന്ത്യക്കാരെ എക്വറ്റോറിയല്‍ ഗിനി യുദ്ധകപ്പലില്‍ പാര്‍പ്പിച്ചത്. നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നമാണെന്ന കാരണം ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിച്ചത്.

കൊച്ചി: കൊച്ചി നഗരത്തിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവർമാരുടെ ധാരണയെന്ന് കോടതി വ്യക്തമാക്കി. എങ്ങനെ വേണമെങ്കിലും വാഹനമോടിക്കാമെന്നാണ് അവരുടെ ധാരണയെന്നും കോടതി പറഞ്ഞു.

യാത്രാ വാഹനങ്ങളിലെ പരിശോധന കർശനമാക്കണം. പരിശോധന സംബന്ധിച്ചും നടപടി സംബന്ധിച്ചും കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തിൽ ഫുട്പാത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. കൊച്ചിയിൽ കാൽനടയാത്രക്കാർക്ക് ദുരിതയാത്ര നേരിടുകയാണ്. നഗരത്തിലെ ഫുട്പാത്തുകൾ അപര്യാപ്തമാണ്. കാൽനടയാത്രക്കാർ റോഡുകളിലൂടെ നടക്കാൻ നിർബന്ധിതരാകുന്നു. ഫുട്പാത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ന്യൂഡൽഹി: വണ്ടിചെക്ക് കേസുമായി നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി. ചെക്ക് ഒപ്പിട്ട് നൽകുന്ന വ്യക്തിക്ക് ബാധ്യതയിൽ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ചെക്കിൽ ഒപ്പിട്ടിരിക്കുന്ന വ്യക്തിയുടേതാണ് ഒപ്പെന്ന് സ്ഥീരീകരിച്ചാൽ പൂർണ്ണമായ ഉത്തരവാദിത്തം ആ വ്യക്തിക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.

സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

തൃശൂർ സ്വദേശികളായ ജെയിൻ പി ജോസ്, സന്തോഷ് എന്നിവർ തമ്മിലുള്ള ഒമ്പത് ലക്ഷം രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒപ്പിട്ട് ചെക്ക് നൽകിയാൽ പണം വാങ്ങിയെന്നതിന് തെളിവായി കാണാമെന്നും മറ്റു ഒരു കാരണങ്ങൾ പറഞ്ഞും ചെക്കിന്റെ ബാധ്യതയിൽ നിന്ന് ചെക്ക് നൽകിയ വ്യക്തിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും കോടതി പറഞ്ഞു.