Highlights (Page 76)

ന്യൂഡൽഹി: സ്റ്റീൽ ഉത്പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ ഒഴിവാക്കി. ഈ വർഷം മെയ് മാസമാണ് കേന്ദ്ര സർക്കാർ ഇവയ്ക്ക് കയറ്റുമതി തീരുവ ഏർപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തിൽ താഴെയുള്ള കയറ്റുമതിക്ക് ഇനി തീരുവ ഉണ്ടാകില്ല.

മെയ് മാസം സ്റ്റീൽ കയറ്റുമതിക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെ കയറ്റുമതി തീരുവ സർക്കാർ ഈടാക്കിയിരുന്നു. അന്നു മുതൽ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില കുറയുകയാണ്. ഒക്ടോബർ മാസം ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി 66 ശതമാനം കുറഞ്ഞിരുന്നു. സ്റ്റീൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021 ഒക്ടോബറിലെ കയറ്റുമതി 1.05 ദശലക്ഷം ടൺ ആയിരുന്നു. ദുർബലമായ ആഗോള ആവശ്യകതയും എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വിലയും കയറ്റുമതി കുറയാൻ കാരണമായി. ഒക്ടോബർ, സെപ്തംബർ മാസത്തിൽ കയറ്റുമതി ഏകദേശം 40 ശതമാനം കുറഞ്ഞു. നോൺ-അലോയ്, അലോയ്ഡ്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഇടിവുണ്ടായി.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഏഴ് മാസംകൊണ്ട് കയറ്റുമതി 55 ശതമാനം കുറഞ്ഞ് 3.9 മില്യൺ ആയി. ലഭ്യമായ കണക്കുകൾ പ്രകാരം, അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ കയറ്റുമതി ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഈ കാലയളവിലെ ഇറക്കുമതി 14 ശതമാനം ഉയർന്നു. 3.15 മില്ല്യൺ ആണ് ഈ കാലയളവിലെ ഇറക്കുമതി.

ന്യൂഡല്‍ഹി: രാജ്യത്ത് മരുന്നുകളുടെ ആധികാരികത ഉറപ്പിക്കുന്ന ക്യുആര്‍ കോഡ് മരുന്നു ബ്രാന്‍ഡുകളില്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമായി. അടുത്തവര്‍ഷം ഓഗസ്റ്റ് 1 മുതല്‍ ഇതു നടപ്പാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ ലഭ്യമാകുന്ന 300 മരുന്നു ബ്രാന്‍ഡുകളില്‍ ക്യുആര്‍ കോഡ് ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, അടിയന്തരമായി ക്യുആര്‍ കോഡ് ഉറപ്പാക്കേണ്ട മരുന്നുകളുടെ ചുരുക്കപ്പട്ടിക ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പദ്ധതി നടപ്പാക്കാന്‍ 18 മാസം സാവകാശം മരുന്നു കമ്ബനികള്‍ ആവശ്യപ്പെട്ടിരുന്നു. നീക്കത്തിനായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ കരടുവിജ്ഞാപനം ഇറക്കിയിരുന്നു.

ഓരോ പ്രോഡക്ടിന്റെയും സവിശേഷ തിരിച്ചറിയല്‍ നമ്ബര്‍, മരുന്ന് ഉള്ളടക്കത്തിന്റെ ശരിയായ ശാസ്ത്രീയ പേര്, ബ്രാന്‍ഡ് പേര്, ഉല്‍പാദകനെ സംബന്ധിച്ച വിലാസം, ബാച്ച് നമ്ബര്‍, ഉല്‍പാദന തീയതി, കാലാവധി തീരുന്നത് എപ്പോള്‍, ഉല്‍പാദന ലൈസന്‍സ് നമ്ബര്‍ എന്നിവയാണ് ക്യുആര്‍ കോഡിന്റെ ഉള്ളടക്കത്തില്‍ വരിക.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതി മാറുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. രാത്രി സമയത്തെ ഉപയോഗത്തിന് നിലവിലെ നിരക്ക് തുടരുമെന്നും പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ മാത്രമാകും പുതിയ രീതിയിലേക്ക് മാറാൻ കഴിയുന്നത്. പ്രതിമാസം 250 യൂണിറ്റ് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കും ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കും വ്യാവസായിക മേഖയിലും. ‘ടൈം ഓഫ് ദ ഡേ’ റീഡിങ്ങ് സമ്പ്രദായം നിലവിലുണ്ട്. താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവർക്കും ഈ താരിഫിലേക്ക് മാറാം.

സമയത്തിന് അനുസരിച്ച് വൈദ്യുതി ഉപയോഗം അളക്കാൻ ടിഒടി മീറ്ററോ സ്മാർട് മീറ്ററോ വേണം. ഒരു ഉപഭോക്താവിന്റെ ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകിട്ട് 6 മുതൽ 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതൽ രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകൽ 6 മുതൽ 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണമെന്ന ആവശ്യമാണ് കെഎസ്ഇബി ഉന്നയിക്കുന്നത്.

പീക്ക് അവറിൽ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോർഡിന് വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളില്‍ ഇനിമുതല്‍ ക്യുആര്‍ കോഡുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. സിലിണ്ടറുകള്‍ മികച്ച രീതിയില്‍ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്യുആര്‍ കോഡുകള്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. എല്‍പിജി സിലിണ്ടറുകളുടെ മോഷണം തടയാനും ഇതുവഴി സാധിക്കും.

അതേസമയം, ആധാര്‍ കാര്‍ഡിനോട് സാമ്യമുള്ളതാകും എല്‍പിജി സിലിണ്ടറുകളില്‍ പതിക്കുന്ന ക്യൂആര്‍ കോഡ്. പുതിയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ വെല്‍ഡ് ചെയ്ത് ചേര്‍ക്കുകയും പഴയ സിലിണ്ടറുകളില്‍ ക്യുആര്‍ കോഡുകള്‍ ഒട്ടിക്കുകയും ചെയ്യും. ക്യൂആര്‍ സ്‌കാന്‍ ചെയ്ത് പരിശോധിക്കുക വഴി ഉപഭോക്താക്കള്‍ക്ക് അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാനാവും. ഗാര്‍ഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആര്‍ കോഡുകള്‍ വഴി സാധിക്കും.

വീടുകളിലെത്തുന്ന സിലിണ്ടറുകളില്‍ പലപ്പോഴും ഒന്ന് മുതല്‍ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

ന്യൂഡൽഹി: ഭീകരാക്രമണങ്ങൾക്കെതിരെ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഭീകരാക്രമണങ്ങളും ഒരേ രീതിയിലുള്ള നടപടി അർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ മൂന്നാം പതിപ്പിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഏതൊരു ഭീകരാക്രമണമായാലും അത് എവിടെ നടന്നതാണെങ്കിലും അപലപിക്കപ്പെടേണ്ടതാണ്. കർശനമായ നടപടി അർഹിക്കുന്നതാണ്. ഓരോ ഭീകരവാദ പ്രവർത്തനങ്ങളും എവിടെ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അവയെ വേർതിരിച്ച് പരിഗണിക്കുന്നത് ശരിയായ നടപടിയല്ല. ലോകരാജ്യങ്ങൾ തീവ്രവാദത്തെ ഗുരുതര പ്രശ്നമായി പരിഗണിക്കാൻ ആരംഭിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ഭീകരതയുടെ ഏറ്റവും മോശമായ മുഖം അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇന്ത്യക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില രാജ്യങ്ങൾ അവരുടെ വിദേശനയത്തിന്റെ ഭാഗമായാണ് ഭീകരരെ പിന്തുണക്കുന്നത്. അത്തരം രാജ്യങ്ങൾ രാഷ്ട്രീയപരമായും ആശയപരമായും സാമ്പത്തികപരമായും തീവ്രവാദത്തിന് പിന്തുണ നൽകുന്നു. സദാസമയവും ഭീഷണിയിൽ തുടരുന്ന ഒരിടത്ത് കഴിയാൻ ആരും തന്നെ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ ഭീകരതയുടെ നിഴലിൽ കഴിയുന്നവരുടെ ജീവിതം ദുസ്സഹമാണ്. അവർക്ക് സാധാരണമായ ഒരു ജീവിതം അപ്രാപ്യമായി തുടരുന്നു. തീവ്രവാദത്തിന്റെ പരിണിതഫലം സമ്പദ് വ്യവസ്ഥയെ പോലും ബാധിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പല രൂപത്തിലും ഭാവത്തിലും നാമങ്ങളിലും തീവ്രവാദം ഉടലെടുത്തു. ഭീകര പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ നാമാവശേഷമാക്കാൻ ശ്രമിച്ചു. ആയിരക്കണക്കിന് ജീവനാണ് ഭീകരാക്രമണങ്ങളിലൂടെ ഭാരതത്തിന് നഷ്ടപ്പെട്ടത്. എന്നാൽ, ഇന്ത്യ ഭീകരതയ്ക്കെതിരെ ധൈര്യസമേതം പോരാടി. ഓരോ ചെറിയ ആക്രമണങ്ങളെ പോലും വലിയ പ്രധാന്യത്തോടെയാണ് രാജ്യം കണ്ടത്. ഒരു ജീവന്റെ വിലയും ചെറുതല്ല. അതിനാൽ ഭീകരവാദം വേരോടെ പിഴുതെറിയുന്നതുവരെ ഇന്ത്യയ്ക്ക് വിശ്രമമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. രാഷ്ട്രപതിയാണ് ആനന്ദ ബോസിന് പശ്ചിമ ബംഗാൾ ഗവർണറായി നിയമനം നൽകിയത്. മലയാളി കൂടിയാണ് അദ്ദേഹം.

പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല നിർവ്വഹിക്കുന്നത് മണിപ്പൂർ ഗവർണർ എൽ ഗണേശനാണ്. ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും പുതിയ നിയമനം ലഭിച്ച ശേഷം ആനന്ദ ബോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിക്കുന്നു. മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാരുമായി സമാധാനത്തിന്റെ പാതയിൽ ക്രിയാത്മകമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസം, വനം, പരിസ്ഥിതി, തൊഴിൽ, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ ജില്ലാ കളക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്സൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ ഫെല്ലോ കൂടിയാണ് അദ്ദേഹം.

ന്യൂഡൽഹി: ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയുള്ള ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കേസുകളിൽ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിമാന യാത്രയിൽ മാസ്‌കോ ഫെയ്സ്‌കവറോ ധരിക്കൽ നിർബന്ധമില്ല. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ താത്പര്യത്തിനനുസരിച്ച് ധരിക്കാം.

അതേസമയം, കോവിഡ് ഭീഷണി മുൻനിർത്തി വിമാനത്തിൽ അറിയിപ്പുകൾ നൽകുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തി പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിൽ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാ, ജനറൽ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതൽ ആശുപത്രികളിൽ ശ്വാസ് ക്ലിനിക്കുകൾ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസ് ക്ലിനിക്കുകൾ കൂടാതെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശ്വാസകോശ പുനരധിവാസ ക്ലിനിക്കുകൾ (Pulmonary rehabhilitation) ആരംഭിച്ചിട്ടുണ്ട്. ശ്വസന വ്യായാമ മുറകളും, മറ്റു എയറോബിക് വ്യായാമങ്ങളും, പുകവലി നിർത്തുന്നതിനുള്ള സഹായവും, ശ്വാസകോശ രോഗികൾ വിഷാദ രോഗങ്ങൾക്ക് അടിമപ്പെടാതിരിക്കാനുള്ള കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയവ എല്ലാം തന്നെ ഈ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കും. ഈ സേവനങ്ങൾ എല്ലാ ശ്വാസകോശ രോഗികൾക്കും കോവിഡാനന്തര രോഗികൾക്കും ഒരുപോലെ സഹായമാകുന്ന ഒന്നാണ്.

സി.ഒ.പി.ഡി. എന്നത് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. വിട്ടുമാറാത്തതും കാലക്രമേണ വർധിക്കുന്നതുമായ ശ്വാസംമുട്ടൽ, കഫക്കെട്ട്, ചുമ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പുക, വാതകകങ്ങൾ, പൊടിപടലങ്ങൾ തുടങ്ങിയവയോടുള്ള സമ്പർക്കം ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. പുകവലിയും അന്തരീക്ഷ മലിനീകരണവും സി.ഒ.പി.ഡി.ക്കുള്ള കാരണങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു.

‘Your lungs for life’ എന്നുള്ളതാണ് ഇത്തവണത്തെ ലോക സി.ഒ.പി.ഡി ദിന സന്ദേശം. ആരോഗ്യകരമായ ജീവിതത്തിന് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ സന്ദേശം മുന്നോട്ട് വയ്ക്കുന്നത്.

ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഊർജ്ജസ്വലരായിരിക്കുക, കൃത്യമായി മരുന്ന് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായി ഇടവേളകളിൽ ഡോക്ടറെ കാണുക, പ്രതിരോധ കുത്തിവയ്‌പ്പെടുക്കുക, ശ്വാസകോശരോഗ പുനരധിവാസ പരിപാടിയിലെ പങ്കാളിത്തം, പുകയും വിഷ വാതകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക, കോവിഡ് രോഗസാധ്യത കുറയ്ക്കുക എന്നിവ സി.ഒ.പി.ഡി. രോഗികൾ ശ്രദ്ധിക്കണം.

പാചകം ചെയ്യാൻ നോൺ സ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നോൺ-സ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പറയപ്പെടാറുണ്ട്. സയൻസ് ഓഫ് ദ ടോട്ടൽ എൻവിയോൺമെന്റ് എന്ന പ്രസിദ്ധീകരണത്തിൽ ‘ഫ്‌ളിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി’- ‘ന്യൂ കാസിൽ യൂണിവേഴ്‌സിറ്റി’ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച ഒരു പഠനം പുറത്തുവന്നിട്ടുണ്ട്.

നോൺ-സ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ധാരാളം ‘മൈക്രോപ്ലാസ്റ്റിക്‌സ്’ ഭക്ഷണത്തിലേക്ക് കലരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ടെഫ്‌ലോൺ കോട്ടിംഗ് ഉള്ള നോൺ-സ്റ്റിക് പാത്രങ്ങളാണെങ്കിൽ ഇതിൽ നിന്ന് 9,100 തരം നേർത്ത ഘടകങ്ങൾ പുറത്തുവരാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇത് പതിയെ അൽപാൽപമായി ഭക്ഷണത്തിൽ കലരുകയും നാമത് കഴിക്കുകയും ചെയ്യുന്നു. ഈ പാത്രങ്ങൾ നമ്മൾ തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഇടവിട്ട് കഴുകുന്നത് കൊണ്ട് ഇതിന്റെ കോട്ടിംഗ് ഇളകിവരും. ഇതോടെയാണ് ഇവയിൽ നിന്നും ശരീരത്തിന് അനാരോഗ്യകരമാകുന്ന ഘടകങ്ങൾ വേർപെട്ട് വരാൻ തുടങ്ങുന്നത്.

സാങ്കേതികവിദ്യകളുപയോഗിച്ചുള്ള പഠനത്തിൽ ഗവേഷകർ ടെഫ്‌ളോൺ കോട്ടിംഗിലുള്ള കണ്ണ് കൊണ്ട് കാണാൻ സാധിക്കാത്ത ‘മൈക്രോപ്ലാസ്റ്റിക്‌സ്’, ‘നാനോപ്ലാസ്റ്റിക്‌സ് എന്നിവയെല്ലാം കണ്ടെത്തി. 5 മില്ലിമീറ്ററിലും ചെറിയ ഘടകങ്ങളെയാണ് ‘മൈക്രോപ്ലാസ്റ്റിക്‌സ്’ എന്ന് പറയുന്നത്. ഒരു മൈക്രോമീറ്ററിലും കുറവുള്ള ഘടകങ്ങളെ ‘നാനോപ്ലാസ്റ്റിക്‌സ്’ എന്ന് പറയുന്നത്. ഇവ മറ്റ് പ്ലാസ്റ്റിക്കിനെ പോലെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.

തിരുവനന്തപുരം: പ്രമേഹം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുകയാണ് ലക്ഷ്യം. എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് സെന്റർ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമാക്കുന്നത്. പ്രമേഹം, രക്താദിമർദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പൾമണറി ഫങ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ഈ സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിലൂടെ പ്രമേഹം മാത്രമല്ല പ്രമേഹം മൂലമുള്ള ഗുരുതര രോഗങ്ങളേയും നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.
പ്രമേഹം നിർണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

ഏകദേശം 9 ലക്ഷത്തോളം പേരിൽ പ്രമേഹ രോഗമുള്ളതായി ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയിലൂടെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയിട്ടുണ്ട്. അതിൽ 8.6 ശതമാനം പേർക്ക് (3,62,375) പ്രമേഹ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നുവെന്ന് വീണാ ജോർജ് വിശദമാക്കി.

രോഗനിർണയത്തിലെ കാലതാമസമാണ് പ്രമേഹത്തെ സങ്കീർണമാക്കുന്നത്. അതിനാൽ ശ്രദ്ധവേണം. ചിട്ടയായ വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും പ്രമേഹത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.