ന്യൂഡൽഹി: ഓർഡിനൻസ് വിഷയത്തിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് കഴിഞ്ഞ ദിവസമാണ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം,ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂവെന്നും നിയമവിരുദ്ധ നടപടി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

