വഴിയോര കച്ചവടക്കാർക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ; വായ്പ തുക ഇരട്ടിയാക്കും

ന്യൂഡൽഹി: വഴിയോര കച്ചവടക്കാർക്ക് സഹായ ഹസ്തവുമായി കേന്ദ്ര സർക്കാർ. വഴിയോരക്കച്ചവടക്കാർക്ക് വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാൻമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതിക്ക് കീഴിലുള്ള വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുകയായിരിക്കും ഉയർത്തുക.

കോവിഡ്-19 മഹാമാരി പടർന്നു പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോക്ക്ഡൗൺ കാലത്താണ് പ്രത്യേക മൈക്രോ ക്രെഡിറ്റ് സൗകര്യമായ പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മ നിർഭർ നിധി പദ്ധതി ആരംഭിച്ചത്, മൂന്ന് തവണകളായി തെരുവോര കച്ചവടക്കാർക്ക് പദ്ധതിയിലൂടെ വായ്പ എടുക്കാൻ കഴിയും.

തെരുവോര കച്ചവടക്കാർക്ക് തങ്ങളുടെ കച്ചവടം വിപുലീകരിക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും. 10,000, 20,000, 50,000 തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് കച്ചവടക്കാർക്ക് സാധരണ വായ്പ ലഭിക്കുന്നത്. ആദ്യം നൽകുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.