Highlights (Page 78)

ന്യൂഡൽഹി: ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയരുമെന്ന് റിപ്പോർട്ടുകൾ. മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2027 ഓടെ ഇന്ത്യ ഈ നിർണായക നേട്ടം കരസ്ഥമാക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജപ്പാനെയും ജർമ്മനിയെയും മറികടന്നാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കുന്നത്.

സാങ്കേതിക വിദ്യയിലും ഊർജ്ജരംഗത്തുമുള്ള നിക്ഷേപം, പൊതുഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിനുള്ള നയസമീപനത്തിലെ മാറ്റം തുടങ്ങിയവയിലാണ് ഇന്ത്യ ഈ നേട്ടം കരസ്ഥമാക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം ( ജി.ഡി.പി) നിലവിലെ 3.4 ട്രില്യൺ ഡോളറിൽ നിന്ന് 8.5 ട്രില്യൺ ഡോളറായി വളരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2023 മുതൽ ഓരോ വർഷവും ഇന്ത്യ ജി.ഡി.പിയിലേക്ക് 400 മില്യൺ ഡോളറിലധികം കൂട്ടിച്ചേർക്കും. 2028ന് ശേഷം ഇത് 500 മില്യൺ ഡോളറായി ഉയരും. ആഗോള ഓഫ്‌ഷോറിംഗ്, ഡിജിറ്റലൈസേഷൻ, ഊർജ്ജ പരിവർത്തനം എന്നീ മൂന്ന് മെഗാട്രെൻഡുകളാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണം.

ലോകകപ്പ് ഫുട്ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്ത് നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ നടത്തുന്ന ലഹരിമുക്ത കേരളം രണ്ടാഘട്ട ക്യാമ്പയിനില്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ നവംബര്‍ 14 മുതല്‍ ജനുവരി 26 വരെ ഊര്‍ജ്ജിതമായി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ലോകകപ്പ്ഫുട്ബോള്‍ സമയമായതിനാല്‍ സംസ്ഥാനത്തെങ്ങും രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, വിദ്യാലയങ്ങളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, സ്വകാര്യ കമ്പനികളിലും, ഐടി പാര്‍ക്കുകളിലും, ബസ് സ്റ്റാന്‍ഡുകളിലും, പൊതുവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.നോ റ്റു ഡ്രഗ്സ് എന്ന പ്രചാരണ ബോര്‍ഡുകളും ചിത്രങ്ങളും ഗോള്‍ പോസ്റ്റിന് ചുറ്റും ഉറപ്പാക്കും. മുഴുവന്‍ സമയവും പോസ്റ്റ് തയ്യാറാക്കി നിര്‍ത്തുകയും, ഇഷ്ടമുള്ളപ്പോള്‍ ആര്‍ക്കും വന്ന് ഗോള്‍ അടിക്കാനുമാകുന്ന രീതിയിലാണ് പരിപാടി. സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം ഇതിന്റെ ഭാഗമായി നടത്തും.ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

അവിടെ ചികിത്സക്കെത്തുന്ന കുട്ടികളെ രഹസ്യമായി ശുശ്രൂഷിക്കണം. കുട്ടിയുടെ പേരോ, കുടുംബത്തിന്റെ പേരോ പുറത്തുവിടരുത്. സ്‌കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിംഗ് സംഘടിപ്പിക്കണം. ആവശ്യത്തിന് കൗണ്‍സിലര്‍മാര്‍ ഉണ്ടാകണം. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജ്ജിതമാക്കണം.’നോ ടു ഡ്രഗ്സ്’ പരിപാടിയുടെ ഭാഗമായി പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണം. മൂന്ന് മാസത്തിലൊരിക്കല്‍ ലഹരിവിരുദ്ധ ജനജാഗ്രത സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങളും ലഹരി ഉപഭോഗം സംബന്ധിച്ച കാര്യങ്ങളും അവലോകനം ചെയ്യണം.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാതലത്തില്‍ ക്രോഡീകരിച്ച് സംസ്ഥാന സമിതിക്ക് കൈമാറണം.വിവിധ വകുപ്പുകള്‍ വ്യത്യസ്ത പരിപാടികള്‍ ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവ ഏകോപിതമായ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പൊതുപരിപാടികളാക്കി മാറ്റേണ്ടതുണ്ട്. വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിന്റെയും വിശദാംശങ്ങള്‍ സമാഹരിച്ച് ഏകോപിത കലണ്ടര്‍ തയ്യാറാക്കാന്‍ എക്സൈസ് വകുപ്പിനെ / വിമുക്തി മിഷനെ ചുമതലപ്പെടുത്തി.5 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിവാനം വരയ്ക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും.അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാര്‍ത്ഥികളുടെ സഭകള്‍ ചേരണം.

ഏതെങ്കിലും ഒരു പീരിയഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഗാന്ധിജയന്തി ദിനം മുതല്‍ കേരളപ്പിറവി ദിനം വരെ നടപ്പിലാക്കിയ വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനിന്റെ ഉള്ളടക്കം, വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ മുതലായവ ക്ലാസ് സഭകളില്‍ ചര്‍ച്ച ചെയ്യണം. സ്‌കൂള്‍ പാര്‍ലമമെന്റ് / കോളേജ് യൂണിയന്‍ ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം.2022 ഡിസംബര്‍ 4 മുതല്‍ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. ഈ ദിവസങ്ങളില്‍ കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഡിസംബര്‍ 9ാം തീയതി മുഴുവന്‍ ക്ലാസ്റൂമുകളിലും കുട്ടികള്‍ക്കായി തയ്യാറാക്കിയ പുസ്തകത്തിന്റെ ആദ്യവായന നടക്കണം. കുട്ടികള്‍ തന്നെയാകണം വായന നടത്തേണ്ടത്.മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. മുഴുവന്‍ തദ്ദേശസ്വയം ഭരണ വാര്‍ഡുകളിലും സ്‌കൂള്‍ / കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വൈകുന്നേരം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കവല യോഗങ്ങള്‍ സംഘടിപ്പിക്കണം. എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, വിമുക്തി ക്ലബ് മുതലായവയുടെ സംഘാടന പങ്കാളിത്തം ഉറപ്പാക്കണം. കുടുംബശ്രീ, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ മുതലായവയെ ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണി ചേര്‍ക്കണം.

കൃത്യമായ ആസൂത്രണവും ചിട്ടയായ സംഘാടനവും ഇതിന് ആവശ്യമായി വരും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും കവലയോഗങ്ങള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതിയുടെ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണം. തുടര്‍ന്ന് വാര്‍ഡുതല സമിതികള്‍ പ്രത്യേക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.2023 ജനുവരി 26 ന് ക്ലാസ് സഭകള്‍ നടത്തും. ഈ വര്‍ഷത്തെ പ്രവര്‍ത്തനാവലോകനം, അവധിക്കാലത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍, അടുത്ത അക്കാദമിക വര്‍ഷാരംഭത്തില്‍ നടത്തേണ്ട പ്രവര്‍ത്തനാസൂത്രണം എന്നിവ നടത്തണം. ലഹരിമുക്ത ക്യാമ്പസിനായുള്ള സ്‌കൂള്‍/കോളേജുതല തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാനിന് ക്ലാസ് സഭകള്‍ അംഗീകാരം നല്‍കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിപുലീകൃത യോഗം സംഘടിപ്പിക്കും. ഈ യോഗത്തില്‍ കുട്ടികള്‍ക്ക് നല്‍കിയ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്‌കിറ്റ് / ഫ്‌ളാഷ്‌ മോബ് / സംഗീതശില്പം / നാടകം/ ചൊല്‍ക്കാഴ്ച മുതലായ രംഗാവിഷ്‌ക്കാരങ്ങളുടെ അവതരണം നടത്തണം. ഒന്നു മുതല്‍ 3 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള പരിപാടികളായി ആസൂത്രണം ചെയ്യാവുന്നതാണ്. സമയവും വേദിയും തദ്ദേശ സ്വയംഭരണതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതി നിശ്ചയിക്കണം.സ്‌കൂള്‍ / കോളേജുതല ലഹരിവിരുദ്ധ തുടര്‍പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന് കൈമാറുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ആന്റി നാര്‍ക്കോട്ടിക് ദിനമായ 2023 ജൂണ്‍ 26 മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി 26 നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു.

ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യവസായി നീരവ് മോദിയ്ക്ക് തിരിച്ചടി. നീരവ് മോദിയുടെ ഹർജി ബ്രിട്ടീഷ് കോടതി തള്ളി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹർജിയാണ് ബ്രിട്ടീഷ് കോടതി തള്ളിയത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയാണ് നീരവ് മോദി.

ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്നാണ് ബ്രിട്ടീഷ് കോടതിയുടെ വിലയിരുത്തൽ. കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ ബാധ്യതകൾ യുകെ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. മുംബൈയിലെ ആർതർ റോഡ് ജയിലിൽ നീരവ് മോദിക്ക് മതിയായ വൈദ്യസഹായം നൽകുമെന്ന് ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ സംശയിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. തെക്ക്-കിഴക്കൻ ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണ് നീരവ് മോദി തടവിൽ കഴിയുന്നത്.

അതേസമയം, നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കൈമാറുന്നതോടെ അത് കൂടുതൽ വഷളാകുമെന്നും നീരവ് മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യൻ മാധ്യമങ്ങൾ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും ഹർജിയിൽ നീരവ് മോദി ആരോപിച്ചിരുന്നു.

ഇന്ത്യയില്‍ വീണ്ടും വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈന്‍സ് ഫോള്ളോ ചെയ്യാത്തതിന് തുടര്‍ന്നാണ് ഇത്തരത്തില്‍ അകൗണ്ടുകള്‍ ബാന്‍ ചെയ്തിരിക്കുന്നത് .

2021 ലെ IT നിയമപ്രകാരമാണ് ഇത്തരത്തില്‍ വാട്ട്‌സ്ആപ്പ് 2 മില്യണ്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂണ്‍ മാസം മാത്രം വരെയുള്ള കാലയളവുകളില്‍ ആണ് കൂടുതല്‍ വാട്ട്‌സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് പൂട്ടു വീണത്. വാട്ട്‌സ്ആപ്പിലൂടെ ഫേക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതില്‍ ഉണ്ട് .

ഏകദേശം ജൂലൈ മാസങ്ങളില്‍ 30 ദിവസം കൊണ്ടുതന്നെ 20 ലക്ഷത്തിനടുത്തു വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്‌സ്ആപ്പില്‍ വരുന്ന സ്പാം, ഫേക്ക് മെസേജുകള്‍ മറ്റാര്‍ക്കും ഫോര്‍വേഡ് ചെയ്തിരിക്കുക. അത്തരത്തില്‍ മെസേജുകള്‍ വരികയാണെങ്കില്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോര്‍വേഡ് ചെയ്യുക.

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് മാതൃകമ്ബനിയായ മെറ്റ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്.

ആഗോള സാമ്ബത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ് മെറ്റ പറയുന്നത്. ഒപ്പം പ്രധാന എതിരാളികളായ ടിക്ടോക്കിന്റെ വളര്‍ച്ചയും മെറ്റയെ തളര്‍ത്തി. ആപ്പിള്‍ തങ്ങളുടെ പ്രൈവസി നയത്തില്‍ വരുത്ത വ്യത്യാസം മെറ്റയുടെ പരസ്യവരുമാനത്തെ വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, മെറ്റവേര്‍സില്‍ വലിയതോതില്‍ നടത്തിയ നിക്ഷേപങ്ങള്‍ ഇതുവരെ മെറ്റയ്ക്ക് കാര്യമായ ഗുണമൊന്നും നല്‍കിയിട്ടില്ല. ഭാവിയെ കണ്ടുള്ള നിക്ഷേപമാണ് ഇതെന്നും, അടുത്ത ഒരു ദശകത്തില്‍ മാത്രമേ അതിന്റെ ഗുണം പൂര്‍ണ്ണമായും ഉണ്ടാകൂ എന്നാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ പറയുന്നത്. അതിനാല്‍ തന്നെ മറ്റ് വഴികളില്‍ കൂടി ചെലവ് ചുരുക്കാന്‍ ആലോചിക്കുകയാണ് മെറ്റ. ചില അനാവശ്യ പ്രൊജക്ടുകള്‍ പൂട്ടുക. ആളുകളെ എടുക്കുന്നത് താല്‍കാലികമായി നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് മെറ്റ ആലോചിക്കുന്നത്. തങ്ങളുടെ ന്യൂസ് ബിസിനസ് പ്രൊജക്ടുകള്‍ അവസാനിപ്പിക്കാന്‍ മെറ്റ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അനുബന്ധമായി തന്നെയാണ് പിരിച്ചുവിടലും എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിൽ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആർസിസിയിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ രണ്ട് കാൻസർ സെന്ററുകളിലും ഇവ യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ പോർട്ടൽ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളിൽ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതിൽ 2.60 ലക്ഷം ആളുകളെയാണ് ഈ പോർട്ടൽ വഴി കാൻസർ ക്ലിനിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിൽ വരുന്ന കാൻസർ ചികിത്സയാണ് എംസിസിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ച്ചയും ജീവനും നിലനിർത്താൻ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാർത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായി വിവിധ സർക്കാർ പദ്ധതികളിലൂടെ തീർത്തും സൗജന്യമായി സമഗ്ര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്.

ലേസർ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നൽകുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പി, റേഡിയേഷൻ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി, ഇൻട്രാവിട്രിയൽ കീമോതറാപ്പി, സബ്ടീനോൺ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികൾ.

എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്‌ന നാഡിയിലെയും കാൻസറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയിൽ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാൾ ആശുപത്രിയെയും മെഡിക്കൽ കോളേജുകളെയും ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇതേറെ ആശ്വാസം നൽകുന്നതാണ്. കുട്ടികൾക്കായുള്ള മജ്ജ മാറ്റിവക്കൽ ചികിത്സ, ലിംബ് സാൽവേജ് ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ സർജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും എംസിസിയിൽ ലഭ്യമാണ്.

ആർസിസിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ ഈ മാസം അവസാനം ആർസിസിയിൽ കമ്മീഷൻ ചെയ്യും.

ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിനെ ഒരു ഇന്ത്യന്‍ കമ്പനി അനുകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. മാത്രവുമല്ല, ഐഎസ്ആര്‍ഒ ഒരു കൂട്ടം പുത്തന്‍ ദൗത്യങ്ങളുമായി രംഗത്തെത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജാപ്പനീസ് എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയുമായി സഹകരിച്ച് ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്ക് അന്വേഷണാര്‍ഥം കടന്നു ചെല്ലാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതികളില്‍ ഒന്നെന്ന് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി ഡയറക്ടര്‍ അനില്‍ ഭര്‍ദ്വാജ് വെളിപ്പെടുത്തി. അടുത്ത വര്‍ഷം മുതല്‍ ഐഎസ്ആര്‍ഒ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ദൗത്യങ്ങളായിരിക്കും ചന്ദ്രയാന്‍-3, ആദിത്യ എല്‍-1 എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈ-ഓള്‍ട്ടിട്ട്യൂഡ് ബലൂണ്‍ സിസ്റ്റം ഉപയോഗിച്ച് ബഹിരാകാശ പേടകത്തെ ഉയര്‍ത്തി ബഹിരാകാശ അനുഭവം ആളുകള്‍ക്ക് നല്‍കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കമ്പനിയായ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ഓറാ എയ്‌റോസ്‌പേസ് ലിമിറ്റഡ്. ഇവര്‍ ഉപയോഗിക്കാനൊരുങ്ങുന്ന സ്‌പേസ് കാപ്‌സ്യൂളിന്റെ ആദിമരൂപം കമ്പനി ആകാശ് തത്വ സയന്‍സ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ സ്‌പേസ് ഓറ ഐഎസ്ആര്‍ഒയുടെയും ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെയും സഹായം തേടുമെന്നാണ് സൂചന.

സ്‌പേസ് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് അറിവ് പകരുകയുമാണ് തങ്ങളുടെ ഉദ്ദേശമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ദേശീയ സുരക്ഷ, സമ്ബദ്വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയതിനാല്‍ ചൈനീസ് ആപ്പുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ആവശ്യക്കാര്‍ക്ക് ഹ്രസ്വകാല വായ്പകളോ മൈക്രോ ക്രെഡിറ്റുകളോ നല്‍കുന്ന അനധികൃത ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ ഇപ്പോള്‍ രാജ്യത്ത് വ്യാപകമാണ്. അമിതമായ പലിശയില്‍ പണം നല്‍കുന്ന ഇവ ഇന്ത്യയിലുടനീളം ധാരാളം പരാതികള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ പോലുള്ള കടം വാങ്ങുന്നവരുടെ രഹസ്യസ്വഭാവമുള്ള സ്വകാര്യ വിവരങ്ങള്‍ ബ്ലാക്ക്മെയിലിംഗിനും ഉപദ്രവിക്കലിനും കടം കൊടുക്കുന്ന ആപ്പുമായി ബന്ധപ്പെട്ടവര്‍ ഉപയോഗിക്കുന്നു. ഇത് ദേശീയ സുരക്ഷ, സമ്ബദ്വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം ഇല്ലാത്ത ഈ നിയമവിരുദ്ധ വായ്പാ ആപ്പുകള്‍ ബള്‍ക്ക് എസ്എംഎസ്, ഡിജിറ്റല്‍ പരസ്യം, ചാറ്റ് മെസഞ്ചറുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവ പരസ്യത്തിനും, പ്രചാരണത്തിനുമായി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.ഇത്തരം ആപ്പുകളില്‍ നിന്നും ലോണുകള്‍ ലഭിക്കുന്നതിന്, കോണ്‍ടാക്റ്റുകളിലേക്കും ലൊക്കേഷനിലേക്കും ഫോണ്‍ സ്റ്റോറേജിലേക്കും കടം വാങ്ങുന്നയാള്‍ നിര്‍ബന്ധിത ആക്സസ് നല്‍കേണ്ടതുണ്ട്. ആര്‍ബിഐയുടെ ഫെയര്‍ പ്രാക്ടീസ് കോഡ് ലംഘിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള റിക്കവറി ഏജന്റുമാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റ് ദുരുപയോഗ പ്രവര്‍ത്തനങ്ങളും ഉപയോഗിച്ച് പൗരന്മാരെ ഉപദ്രവിക്കാനും ബ്ലാക്ക്മെയില്‍ ചെയ്യാനും ഈ ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ട്. ഡിസ്പോസിബിള്‍ ഇമെയിലുകള്‍, വെര്‍ച്വല്‍ നമ്ബറുകള്‍, മ്യൂള്‍ അക്കൗണ്ടുകള്‍, ഷെല്‍ കമ്ബനികള്‍, പേയ്മെന്റ് അഗ്രഗേറ്ററുകള്‍, എപിഐ സേവനങ്ങള്‍ (അക്കൗണ്ട് മൂല്യനിര്‍ണ്ണയം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍), ക്ലൗഡ് ഹോസ്റ്റിംഗ്, ക്രിപ്റ്റോകറന്‍സി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ സംഘടിത സൈബര്‍ കുറ്റകൃത്യമാണ് ഇതെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാമേശ്വരം: രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. തൊഴിലാളികളുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുത്തു. പത്ത് ദിവസങ്ങൾക്ക് മുൻപ് ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാത്രിയാണ് മീൻ പിടിക്കാനായി 400 ട്രോളറുകൾ കടലിലേക്ക് പോയത്. അതേസമയം, വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കൻ നാവികസേന വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്തു ശതമാനം സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവം നടത്തുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

വിഷയവുമായി ബന്ധപ്പെട്ട 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്താണ് ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയത്. സെപ്റ്റംബർ 27-നാണ് കേസിൽ വാദം കേൾക്കൽ അവസാനിച്ചത്.