ന്യൂഡൽഹി: വണ്ടിചെക്ക് കേസുമായി നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി. ചെക്ക് ഒപ്പിട്ട് നൽകുന്ന വ്യക്തിക്ക് ബാധ്യതയിൽ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ചെക്കിൽ ഒപ്പിട്ടിരിക്കുന്ന വ്യക്തിയുടേതാണ് ഒപ്പെന്ന് സ്ഥീരീകരിച്ചാൽ പൂർണ്ണമായ ഉത്തരവാദിത്തം ആ വ്യക്തിക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ബാധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി തുടങ്ങിയവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
തൃശൂർ സ്വദേശികളായ ജെയിൻ പി ജോസ്, സന്തോഷ് എന്നിവർ തമ്മിലുള്ള ഒമ്പത് ലക്ഷം രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ട കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒപ്പിട്ട് ചെക്ക് നൽകിയാൽ പണം വാങ്ങിയെന്നതിന് തെളിവായി കാണാമെന്നും മറ്റു ഒരു കാരണങ്ങൾ പറഞ്ഞും ചെക്കിന്റെ ബാധ്യതയിൽ നിന്ന് ചെക്ക് നൽകിയ വ്യക്തിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും കോടതി പറഞ്ഞു.

