കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കരുത്; കിരൺ റിജിജു

ന്യൂഡൽഹി: സുപ്രീം കോടതിക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കാൻ നിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു കേന്ദ്രമന്ത്രി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പ്രസക്തമായ കേസുകൾ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയോട് താൻ സദുദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാൽപര്യ ഹർജികളോ സുപ്രീം കോടതി കേൾക്കാൻ തുടങ്ങിയാൽ, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും. വിചാരണ കോടതികളിൽ നാലു കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാർ പണവും പിന്തുണയും നൽകുന്നു. എന്നാൽ അർഹരായ ആളുകൾക്ക് മാത്രമേ നീതി ലഭിക്കൂ എന്ന് ഉറപ്പാക്കാൻ ജുഡീഷ്യറിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ജാമ്യാപേക്ഷകൾ സുപ്രീംകോടതി കേൾക്കരുതെന്ന് ഒരു നിയമമന്ത്രിക്ക് എങ്ങനെ പറയാൻ കഴിയുമെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയത്. മുതിർന്ന അഭിഭാഷകരും കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു.