ന്യൂഡൽഹി: ആരോഗ്യ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കാനൊരുങ്ങി ഇന്ത്യ. സ്ത്രീകളിലെ സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിലെത്തും. ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ എൻ കെ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ -സെർവാവാക്ക് (ക്യൂ.എച്ച്.പി.വി.) എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ 200 മുതൽ 400 വരെ രൂപയ്ക്കാണ് വിപണിൽ ലഭ്യമാക്കുക. 90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്.
9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ വാക്സിൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്സിൻ നൽകേണ്ടി വരും. വാക്സിന്റെ ആദ്യ ഡോസ് ഒമ്പതാം വയസ്സിലാണ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

