കോഴിക്കോട്: സംസ്ഥാനത്തെ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി രൂപത.
‘അബദ്ധങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് പിന്നില്‍ ഗുഢാലോചന സംശയിക്കുന്നു. കര്‍ഷകരെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണം എന്നാണ് സഭയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. ആര്‍ക്കും മനസ്സിലാകാത്ത ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടാണ് ഇവിടെ പുറത്ത് വിട്ടിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത ഈ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് കൊടുക്കാനാകില്ല. ഉപഗ്രഹ സര്‍വ്വ റിപ്പോര്‍ട്ട് പിന്‍വലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാതെ മന്ത്രിതല സമിതി നേരിട്ട് ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കണം. അതിജീവനത്തിനുള്ള അവകാശം നിഷേധിക്കരുത്. സാമാഹികാഘാത പഠനം നടത്തണം. സുപ്രീംകോടതിയില്‍ സാവകാശം തേടണം. കര്‍ഷകര്‍ക്ക് കൃഷിക്കും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കണം’- താമരശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
അതേസമയം, ബത്തേരി നഗരസഭയും ബഫര്‍സോണ്‍ വിഷയത്തില്‍ പ്രമേയം പസാക്കി. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. നേരിട്ട് വിവരശേഖരണം നടത്തണമെന്നും വനാതിര്‍ത്തിയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. അതിനിടെ ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടി ഉടന്‍ ഉത്തരവിറങ്ങും.

