Highlights (Page 71)

ന്യൂഡൽഹി: കർണാടക – മഹാരാഷ്ട്ര അതിർത്തി പ്രദേശമായ ബെളഗാവിയെ ചൊല്ലി നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കാൻ ആറംഗസമിതിയെ രൂപീകരിക്കാൻ തീരുമാനം. നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീർപ്പാകും വരെ ബെളഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നാണ് കർണാടകയും മഹാരാഷ്ട്രയും തമ്മിൽ ധാരണയായത്. ഇരു സർക്കാരുകൾ തമ്മിൽ നിലനിന്ന തർക്കത്തിനാണ് ഇെേതാ താത്ക്കാലിക പരിഹാരമായിരിക്കുന്നത്. വിഷയത്തിൽ ചർച്ച നടത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

കർണാടകയിലെയും മഹാരാഷ്ട്രയിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വീതമുള്ള സമിതി രൂപീകരിച്ച് മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാണ് യോഗത്തിൽ ധാരണയായത്. അതിർത്തി തർക്കത്തിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന് കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി അമിത് ഷായും അറിയിച്ചു. ഭരണഘടനാപരമായ രീതികളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ അല്ലാതെ അതിർത്തി തർക്കം റോഡിൽ തീർക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്നുള്ളതാണ് അതിർത്തി പ്രശ്നം ഉണ്ടായത്. നിലവിൽ കർണാടകയുടെ ഭാഗമായ ബെളഗാവിയിലെ മറാഠി സംസാരിക്കുന്ന 814 ഗ്രാമങ്ങൾക്കു വേണ്ടിയാണ് മഹാരാഷ്ട്ര അവകാശവാദം ഉന്നയിക്കുന്നത്. മുൻപ് പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ബെളഗാവി.

ഡല്‍ഹി എയിംസ് സെര്‍വര്‍ ഹാക്കിംഗ് നടന്നത് ചൈനയില്‍ നിന്നാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം തുടരുമ്പോഴാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം വരുന്നത്. നവംബറിലാണ് ഹാക്കിംഗ് സ്ഥിരീകരിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തത്.

നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡല്‍ഹി എയിംസിലെ സെര്‍വറുകളില്‍ ഹാക്കിംഗ് നടന്നത്. ആകെയുള്ള നൂറ് സെര്‍വറുകളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ചൈനീസ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞ് കയറാന്‍ സാധിച്ചത്. ഈ അഞ്ച് സെര്‍വറുകളിലെയും വിവരങ്ങള്‍ തിരിച്ചെടുത്ത് പുനസ്ഥാപിച്ചു എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ തവാങ് സെക്ടറില്‍പ്പെടുന്ന യാങ്‌സേയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഡിസംബര്‍ ഒമ്പതിനാണ് ഏറ്റുമുട്ടിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ തിങ്കളാഴ്ചയാണ് സൈന്യം വെളിപ്പെടുത്തിയത്. ഏറ്റുമുട്ടലില്‍ രണ്ടു രാജ്യങ്ങളുടെയും സൈനികര്‍ക്ക് നേരിയ തോതില്‍ പരിക്കേറ്റിരുന്നു.

രാജ്യത്തെ സിഗരറ്റ് മുക്തമാക്കാൻ കടുത്ത നടപടികൾ സ്വീകരിച്ച് ന്യൂസിലാൻഡ്. 2009ന് ശേഷം ജനിച്ചവർക്ക് പുകവലിക്കാനുള്ള സിഗരറ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ലഭ്യത കുറയ്ക്കാനുള്ള നടപടിയാണ് ന്യൂസിലാൻഡ് ആവിഷ്‌ക്കരിക്കുന്നത്. കാലാന്തരത്തിൽ ന്യൂസിലാൻഡിനെ പുകയില മുക്തമാക്കാനാണ് നീക്കം.

പുകവലിക്കാനുള്ള പ്രായം വർധിപ്പിക്കാനുള്ള പദ്ധതിയാണ് ന്യൂസിലാൻഡ് നടപ്പിലാക്കുന്നത്. പുതിയ നിയമത്തിലൂടെ 50 വർഷം കഴിഞ്ഞ് ഒരു പായ്ക്ക് സിഗരറ്റ് വാങ്ങാൻ ശ്രമിക്കുന്ന ഒരാൾക്ക് കുറഞ്ഞത് 63 വയസ് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ ആവശ്യമായി വരുന്ന സാഹചര്യമൊരുക്കുകയാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്.

2025ഓടെ ന്യൂസിലാൻഡ് പുകയില മുക്തമാവുമെന്നാണ് വിലയിരുത്തൽ. ഉപയോഗിക്കുന്നവരിൽ പകുതിയിലും അധികം ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്ന ഒരു ഉൽപ്പന്നത്തിന്റെ വിൽപന പ്രോത്സാഹിപ്പിക്കേണ്ട ഒരു കാരണം പോലുമില്ലെന്നാണ് ന്യൂസിലാൻഡിലെ ആരോഗ്യ സഹമന്ത്രി ഡോക്ടർ ആയിഷ വെരാൽ വ്യക്തമാക്കിയത്. പുകയില ഉൽപ്പന്നങ്ങൾ വിൽക്കാനും കർശന നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നേരത്തെ 6000 സിഗരറ്റ് വിറ്റിരുന്ന സ്ഥാപനത്തിന് ഇനിമുതൽ 600 സിഗരറ്റ് വിൽക്കാൻ മാത്രമാണ് അനുമതിയുള്ളത്. സിഗരറ്റിലെ നിക്കോട്ടിൻറെ അളവിലും കുറവ് വരുത്തണണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും. ഇതിനുള്ള നടപടി ആരംഭിച്ചു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് വീണാ ജോർജ് പറഞ്ഞു.

ആദ്യഘട്ടത്തിൽ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിനും അതിലൂടെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്), ലക്ഷ്യ സ്റ്റാൻഡേർഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ശ്രമം. സംസ്ഥാനത്ത് നിലവിൽ 148 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്നു വർഷ കാലാവധിയാണുളളത്. ഇതിനു ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കുമെന്നും വീണാ ജോർജ് വിശദമാക്കി.

തിരുവനന്തപുരം: കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല് നിയമസഭ പാസാക്കി. എന്നാല്‍, ഇതിനുള്ള നിയമസാധ്യത ലഭിക്കണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം.

അതേസമയം, ചാന്‍സലര്‍ നിയമനത്തിന് പ്രത്യേക സമിതി വേണം, ചാന്‍സലര്‍ ഇല്ലാത്ത സമയങ്ങളില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് തീരുമാനിക്കുന്നയാള്‍ക്ക് പകരം ചുമതല എന്നീ പ്രതിപക്ഷത്തിന്റെ രണ്ട് ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ചാന്‍സലറെ നിയമിക്കുന്ന സമിതിയില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പകരം നിയമസഭാ സ്പീക്കറാവാമെന്ന് ഇരുപക്ഷവും തമ്മില്‍ ധാരണയായി.

എന്നാല്‍, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റി വിരമിച്ച ജഡ്ജിമാര്‍ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടര്‍ന്നെങ്കിലും ഭരണപക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് നിയമസഭ ബില്ല് പാസാക്കി.

ന്യൂഡൽഹി: സഭയിൽ ആരുടെയും ജാതിയും മതവും പരാമർശിച്ച് സംസാരിക്കരുതെന്ന് നിർദ്ദേശം നൽകി ലോക്‌സഭാ സ്പീക്കർ ഓം ബിർല. ജാതിയും മതവും പറഞ്ഞു സംസാരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ടു ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ് അംഗം എ.ആർ. റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

ജാതിയും മതവും നോക്കിയല്ല ജനങ്ങൾ പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സഭയിൽ അതു പറയരുതെന്നും സ്പീക്കർ വ്യക്തമാക്കി. കോൺഗ്രസ് അംഗം ‘മുറി ഹിന്ദിയിൽ’ ചോദിച്ച ചോദ്യത്തിനു താൻ ‘മുറി ഹിന്ദിയിൽ’ മറുപടി നൽകാമെന്നായിരുന്നു നിർമല സീതാരാമന്റെ പരാമർശം.

ന്യൂഡൽഹി: ഒരു സിഗരറ്റ് മാത്രമായി വിൽക്കുന്നത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതായാണ് വിവരം. കൂടുതൽ ആളുകളും ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണെന്നും ഇതു പുകയില വിരുദ്ധ പ്രചാരണം വിജയിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി നിലപാടെടുത്തതായാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് ഒറ്റ സിഗരറ്റ് വിൽപ്പന നിരോധിക്കാൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്നാണ് വിവരം. വിമാനത്താവളങ്ങളിൽ നിലവിലുള്ള സ്‌മോക്കിങ് സോണുകൾ എടുത്തുകളയണമെന്ന ശുപാർശയും പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിനു മുൻപുതന്നെ ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

അതേസമയം, പുകയില ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ 75% ജിഎസ്ടി ഏർപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശത്തിൽ പറയുന്നത്. നിലവിൽ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്.

ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്നും കൊവിഡ് വ്യാപനം കാരണം പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഭരണകൂടം പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവിടെ വീണ്ടും കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നല്‍കാതെ ജനങ്ങളെ വീടുകളില്‍ അടച്ചിടുന്ന നയമാണ് ചൈന പിന്തുടരുന്നത്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്സിനുകളല്ലാതെ സ്വയം നിര്‍മ്മിച്ച വാക്സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരുക്കേണ്ടത് എന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. വര്‍ഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരില്‍ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇതോടെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോള്‍ വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണ്. രോഗബാധയെ തുടര്‍ന്ന് ആളുകള്‍ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു.

കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോണ്‍ ചൈനയില്‍ പടര്‍ന്നുപിടിക്കുമെന്നും ഒരാളില്‍ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാന്‍ഷാന്‍ പറഞ്ഞു. പ്രമുഖ നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗില്‍ 1,661 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം മാത്രം 44 മുൻനിര കമാൻഡർമാരെ വധിച്ചുവെന്ന് കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളിൽ നിന്നും തീവ്രവാദികളെ തുടച്ചു നീക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഇനി ശേഷിക്കുന്ന ജില്ലയിൽ മൂന്ന് നാല് ഭീകരരാണുള്ളത്. ഭീകരരെ തുടച്ചു നീക്കാനുള്ള നടപടികൾ അവിടെയും സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജമ്മു കശ്മീരിൽ ഇനി തീവ്രവാദികളുടെ ഉയർന്ന കമാൻഡർമാർ ആരും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുവാക്കൾ ഉൾപ്പടെയുള്ള നാട്ടുകാരുടെ പിന്തുണയാൽ ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ജമ്മുവിൽ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിൽ യുവാക്കൾ വലിയ പങ്കാണ് വഹിക്കുന്നത്. സമാധാനം ഇല്ലാതാക്കാനുള്ള പാക് ശ്രമങ്ങളെ നേരിടാൻ സുരക്ഷാ സേനക്കൊപ്പം പോലീസും മുന്നിട്ടിറങ്ങുന്നു. ഇപ്പോൾ തീവ്രവാദ നിരയിൽ ചേരാൻ ആഗ്രഹിക്കുന്നവർ തോക്ക് എടുക്കുന്നതിന് മുമ്പ് പലതവണ ചിന്തിക്കുന്നു. ഇതിനായി തങ്ങൾ യുവാക്കൾക്ക് കൗൺസിലിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡല്‍ഹി: രാജ്യത്ത് കൗമാരപ്രായക്കാര്‍ ഉള്‍പ്പെട്ട സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ കേസുകള്‍ പരിശോധിക്കുന്ന ജഡ്ജിമാര്‍ക്ക് വെല്ലുവിളി ഏറെയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. കഴിഞ്ഞ ദിവസം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംബന്ധിച്ചുള്ള സെമിനാറിന്റെ ഉദ്ഘാടന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.

പോക്സോ നിയമത്തിന് കീഴിലുള്ള സമ്മതപ്രായം സംബന്ധിച്ച വര്‍ദ്ധിച്ച് വരുന്ന ആശങ്ക പരിഗണിക്കണമെന്നും ഡി വൈ ചന്ദ്രചൂഡ് പാര്‍ലമെന്റിനോട് അഭ്യര്‍ത്ഥിച്ചു. ഒരു പ്രത്യേക കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ തമ്മിലുള്ള സമ്മതം വസ്തുതാപരമായി ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ, 18 വയസിന് താഴെയുള്ളവര്‍ക്കുള്ള എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും പോക്സോ നിയമ പ്രകാരം കുറ്റകരമാക്കുന്നു. ഈ വിഷയത്തെ ചുറ്റിപ്പറ്റിയുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് നിയമനിര്‍മ്മാണ സഭ പരിഗണിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഒരേ കേസില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ വസ്തുതാപരമായി സമ്മതം ഉണ്ടോ എന്നത് പരിഗണിക്കാതെ തന്നെ 18 വയസ്സിന് താഴെയുള്ള എല്ലാ ലൈംഗിക പ്രവര്‍ത്തനങ്ങളും കുറ്റകരമാക്കുന്ന പോക്സോ നിയമത്തെകുറിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആശങ്ക പങ്കുവച്ചത്.