ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ല; കിരൺ റിജിജുവിന്റെ പരാമർശത്തിന് മറുപടിയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഒരു കേസും സുപ്രീംകോടതിക്ക് ചെറുതല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജാമ്യാപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിയമ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനായി ഇടപെടാനായില്ലെങ്കിൽ പിന്നെയെന്താണ് തങ്ങൾക്ക് പണിയെന്നും അദ്ദേഹം ചോദിക്കുന്നു.

കേസുകളിൽ ഇടപെടാതിരുന്നാൽ ഭരണഘടനയുടെ 136-ാം അനുച്ഛേദമാണ് തങ്ങൾ ലംഘിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി മോഷണം നടത്തിയതിന് 18 വർഷം തുടർച്ചയായി ശിക്ഷ അനുഭവിക്കണമെന്ന കോടതി ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് ഡി വൈ ചന്ദ്രചൂഢിന്റെ പരാമർശം. കേസിലെ പ്രതിയായ ഇഖ്‌റാം ഒമ്പത് കേസുകളിലായി രണ്ട് വർഷം വീതം ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ ഒരേ സമയം നടപ്പാക്കുന്നതിന് പകരം തുടർച്ചായി 18 വർഷം തടവു ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി. ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളി. തുടർന്ന് ഇയാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ശിക്ഷ ഒരേസമയം നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഇടപെട്ടില്ലെങ്കിൽ നീതിനിഷേധം തുടരുകയും പൗരന്റെ ശബ്ദം അവഗണിക്കപ്പെടുകയും ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹർജികളോ പരിഗണിക്കാൻ നിൽക്കരുതെന്നായിരുന്നു കേന്ദ്ര നിയമമമന്ത്രി കിരൺ റിജിജുവിന്റെ പരാമർശം. ന്യൂഡൽഹി ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിനെ ഇന്ത്യ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു കേന്ദ്രമന്ത്രി പാർലമെന്റിൽ ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.