കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കാതെ നിർവാഹമില്ല; കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. റൺവേയുടെ നീളം കുറയ്ക്കാതെ നിർവാഹമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

റൺവേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിർമ്മിക്കാൻ ശുപാർശ ചെയ്തത് കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് രൂപവത്കരിച്ച സമിതിയാണ്. ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങൾ വഹിക്കാമെന്നാണ് എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്.

കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന സർക്കാരിനോട് ആശയവിനിമയം നടത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഒരു വിശദമായ മറുപടിയും കേരളം നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വിമാനങ്ങൾക്ക് കൂടുതൽ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റൺവേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാർഗമില്ലെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.