50 അടി പൊക്കമുള്ള ഭീമൻ സാന്റാക്ലോസ്; പുതുവർഷത്തെ വരവേൽക്കാൻ ഗംഭീര പരിപാടികളുമായി വർക്കല

തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഗംഭീര പരിപാടികളുമായി വർക്കല. 50 അടി പൊക്കമുള്ള ഭീമൻ സാന്റാക്ലോസാണ് ഇതിന്റെ ഭാഗമായി വർക്കലയിൽ ഒരുങ്ങുന്നത്. കൊച്ചിൻ കാർണിവൽ പോലെ ഒരു മിനി കാർണിവൽ എന്ന ആശയം മുൻനിറുത്തി ഇടവ ഗ്രാമപഞ്ചായത്തിലെ പൊയ്കയിൽ എന്ന പ്രദേശത്തെ ഒരു സംഘം യുവാക്കളുടെ നേതൃത്വത്തിൽ ശ്രീ ശങ്കര നാരായണ സാംസ്‌കാരിക കേന്ദ്രം ആണ് സാന്റാക്ലോസ് നിർമ്മിച്ചത്. ഡിസംബർ 1 നാണ് സാന്റാ ക്ലസോലിന്റെ നിർമ്മാണം ആരംഭിച്ചത്.

19 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. മുള, കാറ്റാടിക്കഴ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയ്മുകൾ നിർമ്മിച്ചിരിക്കുന്നത്. ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടാനായി സാംസ്‌കാരിക പരിപാടികളും സംഘാടകർ നടത്തുന്നുണ്ട്.

കൊച്ചിൻ കാർണിവൽ മാതൃകയിൽ ഒരു മിനി കാർണിവൽ ഈ ക്രിസ്തുമസ് പുതുവത്സര കാലയളവിൽ ഒരുക്കാം എന്ന ആശയത്തിൽ നിന്നാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.