ഭുവനേശ്വര്‍: സംസ്ഥാനത്തെ 19 നഗരങ്ങളില്‍ 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ‘ഡ്രിങ്ക് ഫ്രം ടാപ്പ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. 5.5 ലക്ഷത്തോളം ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
‘എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് തന്റെ ദീര്‍ഘകാല സ്വപ്‌നമാണ്. അത് എപ്പോഴും എന്റെ സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നു. ജലം അമൂല്യമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. ഒരു പുതിയ ഒഡീഷ സൃഷ്ടിക്കാനും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാതൃകാപരമായ ഭരണം നടത്താനും പൗര കേന്ദ്രീകൃതമായ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ 19 നഗരങ്ങള്‍ ഈ പദ്ധതിയില്‍ ചേരുന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ളം പാഴാക്കരുത്. ജലം അമൂല്യമണ്. ഏറെ പ്രാധാന്യമുള്ള ഒരു പ്രകൃതിവിഭവമാണ്. അതിനാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണം’- പരിപാടിയെ അഭിസംബോധന ചെയ്ത് നവീന്‍ പട്നായിക് പറഞ്ഞു.
അതേസമയം, 1.3 ബില്യണ്‍ ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ ലഭ്യമായ ശുദ്ധജല സ്രോതസ്സുകള്‍ വെറും നാല് ശതമാനം മാത്രമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന് കീഴില്‍ 2021 നവംബര്‍ 4 വരെ മൊത്തം 8.45 കോടി ഗ്രാമീണ കുടുംബങ്ങളില്‍ പൈപ്പ് വഴിയുള്ള ജല കണക്ഷനുകള്‍ നല്‍കി. ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളില്‍ പൂര്‍ണമായും പൈപ്പ് വെള്ളം എത്തിച്ചിട്ടുണ്ട്. കുതിച്ചുയരുന്ന ജനസംഖ്യ, ഉയര്‍ന്ന വ്യവസായവല്‍ക്കരണം, മലിനീകരണം എന്നിവ കാരണം ഇന്ത്യയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ നദികള്‍ ചുരുങ്ങുകയും മലിനമാകുകയും ചെയ്യുന്നുണ്ട്.

