സംസ്ഥാനത്ത് ലഹരി കേസുകളില്‍ വര്‍ധന; ഡിസംബര്‍ 26 വരെ രജിസ്റ്റര്‍ ചെയ്തത് 6,038 കേസുകള്‍

സംസ്ഥാനത്ത് ലഹരി കേസുകള്‍ വര്‍ധിക്കുന്നു. 2021ല്‍ 3,922 കേസുകളാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ 26 വരെ 6,038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2021ല്‍ 5,632 കിലോ കഞ്ചാവാണ് എക്‌സൈസ് പിടിച്ചെടുത്തതെങ്കില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ 3,597 കിലോ കഞ്ചാവാണ് പിടികൂടിയത്.കഴിഞ്ഞ വര്‍ഷം 760 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് 1896 ചെടികളായി.

അതേസമയം, 16,062 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. ഈ വര്‍ഷം 37,449 ഗ്രാമും. 18 ഗ്രാം ഹെറോയിന്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തപ്പോള്‍ ഈ വര്‍ഷം 438 ഗ്രാം പിടികൂടി. 2021ല്‍ 103 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചപ്പോള്‍ ഈ വര്‍ഷം 127 ഗ്രാം പിടികൂടി. 6130 ഗ്രാം എംഡിഎംഎ ആണ് കഴിഞ്ഞ വര്‍ഷം പിടികൂടിയത്. എന്നാല്‍, ഈ വര്‍ഷം 7570 ഗ്രാം പിടികൂടി. കഴിഞ്ഞ വര്‍ഷം 172 ഗ്രാം ചരസ് പിടികൂടിയപ്പോള്‍ അത് ഈ വര്‍ഷം 255 ഗ്രാമായി.

അതിനിടെ, സംസ്ഥാനത്ത് പുതുവര്‍ഷാഘോഷങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ പോലീസ് മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികള്‍ നടത്തുന്നവര്‍ മുന്‍കൂട്ടി അറിയിക്കണം, പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം, ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കുകയും വേണം. ഇതു സംബന്ധിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നോട്ടീസ് നല്‍കും.