നിരവധി രാജ്യങ്ങളില്‍ കോവിഡ് കൂടുന്നു; ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നിരവധി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം

‘പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നു. ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുകയും പതിവായി കൈ കഴുകുകയും വേണം. രാജ്യാന്തര വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതോ ആയ സാഹചര്യം നിലവില്‍ ഇന്ത്യയിലില്ലെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും, ചില രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിരീക്ഷണവും ജാഗ്രതയും തുടരണം’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാജ്യവ്യാപകമായി മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓക്സിജന്‍ സിലിണ്ടറുകള്‍, പി.എസ്.എ പ്ലാന്റുകള്‍, വെന്റിലേറ്ററുകള്‍, മനുഷ്യവിഭവശേഷി എന്നിവയുള്‍പ്പെടെ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനാണ് മോക്ഡ്രില്‍.