തിരുവനന്തപുരം: കേരള ജനതയ്ക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്‌നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്‌നേഹം പങ്കുവച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

