യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിർത്തി വെയ്ക്കാൻ റഷ്യ; ഉത്തരവിൽ ഒപ്പുവച്ച് പുടിൻ

മോസ്‌കോ: യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം നിർത്തി വെയ്ക്കാൻ റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചു. റഷ്യൻ എണ്ണയുടെ വില പരിധി നിശ്ചയിച്ച യൂറോപ്യൻ യൂണിയനുള്ള മറുപടിയാണ് റഷ്യ നൽകിയത്. നിരോധനം 2023 ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ഈ വർഷം ജൂലൈ ഒന്നുവരെയാണ് ഇത് ബാധകമാവുക. പ്രത്യേക സാഹചര്യങ്ങളിൽ നിരോധനത്തിൽ ഇളവ് നൽകാനും പുടിന് അധികാരമുണ്ട്. തങ്ങളുടെ എണ്ണയ്ക്ക് വില പരിധി ഏർപ്പെടുത്തുന്ന ഒരു രാജ്യത്തിനും എണ്ണ വിൽക്കില്ലെന്ന് നേരത്തെ പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ജി7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഓസ്ട്രേലിയയും റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ക്രൂഡ് ഓയിലിന് ബാരലിന് 60 ഡോളർ വില നിശ്ചയിച്ചത്. തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കൈ കടത്തലായാണ് ഈ നടപടിയെ റഷ്യ നോക്കി കണ്ടത്.

അതേസമയം, യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ വിതരണം നിർത്തുമെന്ന പുട്ടിന്റെ തീരുമാനം അന്താരാഷ്ട്ര വിപണിയിൽ വിലക്കയറ്റത്തിന് കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.