മുംബൈ: സംസ്ഥാനം ഒരിഞ്ച് ഭൂമി വിട്ടുനൽകില്ലെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെയും കേന്ദ്രത്തെയും സമീപിക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം സംബന്ധിച്ച മഹാരാഷ്ട്ര നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കർണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ നിയമപരമായി സംസ്ഥാനത്തിൽ ഉൾപ്പെടുത്താനാണ് പ്രമേയം അവതരിപ്പിച്ചത്.
ബെൽഗാം, നിപാനി, കാർവാർ, ബിദർ, ഭാൽക്കി എന്നിവയുൾപ്പെടെ 865 വില്ലേജുകളിലെ ഒരിഞ്ച് ഭൂമി തങ്ങൾ വിട്ടുനൽകില്ല. കർണാടക തങ്ങളെ വെല്ലുവിളിക്കരുത്. മറാത്തി സംസാരിക്കുന്ന ജനങ്ങളോടുള്ള അനീതി തടയാൻ നിയമപരമായി തങ്ങൾ എന്തും ചെയ്യും. സുപ്രീം കോടതിയും കേന്ദ്ര സർക്കാറും വിഷയത്തിൽ ഇടപെടണമെന്ന് തങ്ങൾ ആവശ്യപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു. മഹാരാഷ്ട്ര സർക്കാർ അതിർത്തി പ്രദേശങ്ങളിലെ മറാഠി സംസാരിക്കുന്ന ജനതക്കായി നിലകൊള്ളും. ഈ പ്രദേശങ്ങൾ മഹാരാഷ്ട്രയുടെ ഭാഗമാക്കുന്നതിന് സുപ്രീം കോടതിയിൽ നിയമപോരാട്ടത്തിന് പോകുമെന്ന് പ്രമേയത്തിൽ പറയുന്നു.
അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മഹാരാഷ്ട്ര പ്രമേയം പാസിക്കിയതിനെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ കർണാടകയും പ്രമേയം പാസാക്കിയിരുന്നു. കർണ്ണാടകയുടെ ഭൂമി, ജലം, ഭാഷ, കന്നഡക്കാരുടെ താൽപ്പര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നായിരുന്നു ഈ പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നത്.

