81.35 കോടി ഗുണഭോക്താക്കൾ; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതൽ ആരംഭിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 81.35 കോടി ഗുണഭോക്താക്കൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപയാണ്.

കാബിനറ്റ് യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർമാരോട് അവരുടെ അധികാരപരിധിയിലെ വിവിധ പ്രദേശങ്ങളിലെ മൂന്ന് റേഷൻ കടകൾ നിർബന്ധമായും സന്ദർശിച്ച് ദിവസേന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ഒരു കിലോ അരിക്ക് 3 രൂപയ്ക്കും ഗോതമ്പിന് 2 രൂപയ്ക്കും ഒരു കിലോ നാടൻ ധാന്യത്തിനും ഒരു രൂപ നിരക്കിൽ NFSA പ്രകാരം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തിരുന്നു. ഇതാണ് നിലവിൽ സൗജന്യമായി നൽകാൻ തീരുമാനിച്ചത്.