ന്യൂഡൽഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്കാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. ജനുവരി 1 മുതൽ പുതുക്കിയ പലിശ നിരക്ക് നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വർദ്ധിപ്പിച്ചതായാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.
മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കുമെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെൺകുട്ടികൾക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്‌സ് സ്‌കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല.
ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശയുമാണ് പോസ്റ്റ് ഓഫീസുകളിൽ ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ജനുവരി-മാർച്ച് കാലയളവിൽ 40 ബേസിസ് പോയിന്റുകൾ ഉയർന്ന് 8 ശതമാനമാകും. 7.2 ശതമാനമായാണ് കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് ഉയർത്തിയത്. നിലവിൽ 7 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്.
പ്രതിമാസ വരുമാന സ്‌കീം 40 ബേസിസ് പോയിന്റ് കൂടി 7.1 ശതമാനം പലിശ ലഭിക്കും. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്സി) 20 ബേസിസ് പോയിന്റ് 7 ശതമാനമാക്കി ഉയർത്തി.

