അരുണാചല്‍ പ്രദേശില്‍ നിന്ന് ഒരു പ്രത്യേക തരം ഫംഗസായ കീഡ ജഡി അപഹരിക്കാന്‍ ചൈനീസ് സൈനികര്‍ക്കു ലക്ഷ്യമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ഇന്‍ഡോ-പസിഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട്. കോര്‍ഡിസെപ്സ് എന്നാണ് ഈ ഫംഗസിന്റെ ഇംഗ്ലിഷിലെ പേര്. ചൈനയില്‍തിബറ്റന്‍ പീഠഭൂമിയിലാണ് ഇത് ഉള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 3000 മുതല്‍ 5000 മീറ്റര്‍ വരെ ഉയരുമുള്ള പ്രദേശങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ചൈനയിലെ ക്വിങ്ഗായ് മേഖലയിലാണ് ഇതിന്റെ വിളവെടുപ്പ് ഏറ്റവും കൂടുതല്‍ നടക്കുന്നത്.
അതേസമയം, യര്‍സഗുംബയെന്നാണ് ഈ മരുന്നുഫംഗസ് ചൈനയിലും നേപ്പാളിലും അറിയപ്പെടുന്നത്. 2010ല്‍ ഒന്നരലക്ഷം കിലോ വരെ ഉത്പാദിപ്പിച്ചിരുന്ന ഈ ഫംഗസിന്റെ തോത് കുറഞ്ഞ് 2018ല്‍ 41200 കിലോയെന്ന നിലയിലെത്തിയിരുന്നു. ഇതു മൂലമാകാം അരുണാചലിലെ കീഡ ജഡി സമ്പത്ത് അപഹരിക്കാന്‍ ചൈന ശ്രമിച്ചതെന്ന് ഇന്‍ഡോ പസിഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.
രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് 10 മുതല്‍ 12 ലക്ഷം വരെ വിലയുള്ളതാണ് കീഡ ജഡി. കോര്‍ഡിസെപിന്‍ എന്ന ഔഷധമൂല്യമുള്ളതിനാല്‍ ബ്രൗണ്‍ നിറത്തില്‍ നിറമുള്ള ഈ മരുന്നു ഫംഗസിന് 2 ഇഞ്ച് വരെ നീളം വയ്ക്കും. വൈറസ്ജന്യ രോഗങ്ങള്‍, അര്‍ബുദം എന്നിവയുടെ ചികിത്സയില്‍ കോര്‍ഡിസെപ്സ് ഉപയോഗപ്രദമാകുമെന്നാണു കരുതപ്പെടുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നായും ചൈനീസ് പാരമ്പര്യവൈദ്യത്തില്‍ ഉപയോഗിക്കുന്നതിനാല്‍ ഹിമാലയന്‍ വയാഗ്രയെന്നും ഇതറിയപ്പെടുന്നു. കീടനാശിനിയായും ഇതുപയോഗിക്കപ്പെടുന്നുണ്ട്. ഒഫിയോകോര്‍ഡിസെപ്സ് സിനെസിസ് എന്നാണു ഫംഗസിന്റെ ശാസ്ത്രീയനാമം.

