ന്യൂഡൽഹി: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പണമിടപാടുകൾക്കായി യുപിഐ, ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ. ജനുവരി 1 മുതലായിരിക്കും ക്യു ആർ കോഡ് സംവിധാനം ഏർപ്പെടുത്തുക. റിപ്പോർട്ടുകൾ അനുസരിച്ച് ഭൂനികുതി, ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ തുടങ്ങിയ എല്ലാ സർക്കാർ പണമിടപാടുകളും യുപിഐ വഴി നടത്താം. സർക്കാർ ഓഫീസുകളെ കൂടുതൽ ഡിജിറ്റൽവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് വിവരം.
സർക്കാർ ഓഫീസുകളിൽ പണം സ്വീകരിക്കുന്നത് തുടരുമെങ്കിലും ഫിസിക്കൽ രസീത് ലഭിക്കുകയില്ല. നിലവിൽ എല്ലാ പണമിടപാടുകൾക്കും രസീത് നൽകുന്നുണ്ട്. എന്നാൽ, ജനുവരി 1 മുതൽ, നേരിട്ടോ ഡിജിറ്റൽ രീതിയിലോ പണമടയ്ക്കുന്നവർക്ക് എസ്എംഎസ് വഴിയാകും രസീത് നൽകുകയെന്നാണ് വിവരം. ഓൺലൈൻ ചലാൻ പേയ്മെന്റുകൾക്കുള്ള ചലാൻ നമ്പർ ഉപഭോക്താവിന്റെ ഫോണിലേക്ക് മെസേജ് ആയി ലഭിക്കുന്നതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സ്ഥാപനത്തിന്റെയോ ഫോണിലോ കമ്പ്യൂട്ടറിലോ ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഗൂഗിൾ പേ പോലെയുള്ള യുപിഐ പ്ലാറ്റ്ഫോമുകൾ വഴി പേയ്മെന്റുകൾ നടത്താം. ക്യുആർ കോഡുകൾ പൊതുവായി പ്രദർശിപ്പിക്കില്ല. വ്യത്യസ്ത സേവനങ്ങൾക്കായി വ്യത്യസ്ത അക്കൗണ്ടുകൾ വഴി സർക്കാരിന് പണം ലഭിക്കുന്നതിനാൽ, ഒരു ഓഫീസിന് പൊതുവായ ക്യുആർ കോഡ് ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സർക്കാർ ജീവനക്കാർ സാമ്പത്തിക തട്ടിപ്പുകൾ നടത്താനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. പണമിടപാടുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ മേലുദ്യോഗസ്ഥർക്ക് ലഭ്യമാകുന്നതാണ്.

