സംസ്ഥാനത്ത് തീര്‍പ്പാകാനുള്ളത് 1500ലധികം ഭക്ഷ്യസുരക്ഷാ കേസുകള്‍; റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നതായി റിപ്പോര്‍ട്ട്. 2015 മുതലുള്ള കേസുകള്‍ നിലവില്‍ കെട്ടിക്കിടക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം കോടതിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം.

അതേസമയം, പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമേ സുരക്ഷിതമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധനകളും കേസെടുക്കലും സൂക്ഷ്മമായി നടക്കുന്നുള്ളൂ. എന്നാല്‍, കേസുകള്‍ രജിസ്റ്റര്‍ ചെയ്താലും കോടതിയില്‍ നിന്ന് വേഗത്തില്‍ തീര്‍പ്പുണ്ടാകില്ല. ഭക്ഷ്യ സുരക്ഷാ കേസുകള്‍ക്കായി പ്രത്യേക കോടതി, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയ്ക്കുള്ള നടപടികള്‍ എങ്ങുമെത്താത്തതാണ് ഈ കാലതാമസം ഒഴിവാക്കാനാവാത്തത്. പരിശോധനകളില്‍ ക്രമക്കേട് കണ്ടെത്തിയവയും, സുരക്ഷിതമല്ലെന്ന് കണ്ടെത്തിയവയും ഉള്‍പ്പടെ 2015-16 മുതലുള്ള കേസുകള്‍ തിരുവനന്തപുരത്തെ വിവിധ കോടതികളില്‍ കിടക്കുകയാണ്. സംസ്ഥാനത്താകെ 1500ലധികം കേസുകളാണ് ഉള്ളത്.

എന്നാല്‍, കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി വന്നാലും പ്രശ്‌നങ്ങള്‍ മുഴുവനായി തീരില്ല. സര്‍ക്കാര്‍ ലാബുകള്‍ക്ക് വേണ്ട അംഗീകാരമില്ലാത്തത്, സാംപിളെടുത്തതില്‍ ഉണ്ടായ വീഴ്ച്ച ഇവയെല്ലാം വിചാരണ ഘട്ടത്തില്‍ വില്ലനാവും. സര്‍ക്കാര്‍ ലാബുകളുടെ പൂര്‍ണ എന്‍എബിഎല്‍ അംഗീകാരം പോലും ആകുന്നതേ ഉള്ളൂവെന്നത് പ്രധാന കാരണം. കാലപ്പഴക്കം കാരണം മാറിവന്ന ഉദ്യോഗസ്ഥരുടെ ധാരണക്കുറവ് മറ്റൊന്ന്. ചുരുക്കത്തില്‍, പിടിക്കപ്പെടുന്നവര്‍ക്ക് തിരുത്താന്‍ നോട്ടീസ് നല്‍കലും, പിഴയീടാക്കി കേസ് ഒഴിവാക്കലുമാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന ശിക്ഷാ നടപടികള്‍. ഈ വര്‍ഷം മാത്രം 3244 കേസുകളാണ് പിഴയീടാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ് തന്നെ തീര്‍പ്പാക്കിയത്.