Highlights (Page 54)

ന്യൂഡൽഹി: ഇന്ത്യൻ നിർമിത ചുമ മരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന ആരോപണത്തിൽ മരുന്നു നിർമാതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. 18 കുട്ടികളാണ് നോയിഡ കേന്ദ്രമായ മാരിയോൺ ബയോടെക് ഉൽപാദിപ്പിക്കുന്ന ‘ഡോക്-1-മാക്‌സ്’ (Dok-1-Max) എന്ന കഫ് സിറപ്പ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനിൽ മരിച്ചത്. മാരിയോൺ ബയോടെക്കിന്റെ ഉൽപാദന ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

സിറപ്പിൽ എഥിലിൻ ഗ്ലൈക്കോണിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ശേഖരിച്ച 36 സാംപിളുകളിൽ 22ലും വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഡോക്-1-മാക്‌സ് കഴിച്ച് ഗാംബിയയിൽ 70 കുട്ടികൾ മരിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് ഉസ്‌ബെക്കിസ്ഥാനിൽ 18 കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്സ് കൺട്രോളർ ജനറലിനോട് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.

മാരിയോൺ ബയോടെക്കിൽനിന്ന് ഡിസിജിഐ റിപ്പോർട്ട് തേടി. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്1 മാക്‌സ്’ ടാബ്ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നു കടകളിൽ നിന്നും പിൻവലിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ആന്റിബയോട്ടിക്ക് ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. ആന്റിബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാരോട് ഐഎംഎ നിർദ്ദേശിച്ചു. നിലവിൽ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ലെന്ന് ഐഎംഎ അറിയിച്ചു.

ആന്റിബയോട്ടിക്ക് ബാക്റ്റീരിയ രോഗങ്ങൾക്ക് മാത്രമേ നിർദ്ദേശിക്കാവൂ. ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർദ്ധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്നും അതിനാൽ ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കൊച്ചി: കൊച്ചി നഗരത്തില്‍ ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്തതിനാല്‍ വീടുകളിലെ മാലിന്യ നീക്കം താത്കാലിമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് നഗരസഭ അറിയിച്ചു. മാലിന്യ കൂമ്പാരത്തിന് അകത്തേയ്ക്ക് വെള്ളം പമ്ബ്ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തോളമായി പ്ലാസ്റ്റിക് മാലിന്യത്തിലെ തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബ്രഹ്മപുരത്തെ തീ വൈകിട്ടോടെ നിയന്ത്രണ വിധേയമാക്കുമെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപ്പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടരുകയും 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. എന്നാല്‍, പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിക്കാത്തതിനാല്‍ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും പുകയാല്‍ മൂടി. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്‌സിനെ സഹായിക്കാന്‍ നാവികസേനയും സന്നദ്ധത അറിയിച്ചു. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ ബയോ മൈനിങ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിയമര്‍ന്നു.

അതേസമയം, ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്ബലമുകള്‍, പെരിങ്ങാല, ഇരുമ്ബനം, കാക്കനാട് പ്രദേശങ്ങളിലാണ് പുകശല്യം കൂടുതലുള്ളത്. കോര്‍പ്പറേഷന്റെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറും മേയര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രഹ്മപുരത്ത് നേവി ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി.

തിരുവനന്തപുരം: ഈ വർഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ജനിറ്റിക് ലാബ് ആരംഭിക്കും. അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവും പരിശോധനാ ചെലവും കുറയ്ക്കാനുമായി ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര അപൂർവ രോഗ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ സംഘടിപ്പിച്ച അപൂർവ രോഗം ബാധിച്ച കേരളത്തിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അപൂർവ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്. അപൂർവ രോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം. മാത്രമല്ല പിന്തുണ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് ഇതിലൂടെ സഹായകരമാകുന്നു. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ ചേർത്ത് പിടിക്കുന്ന എല്ലാ രക്ഷിതാക്കൾക്കും ആദരവറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

എസ്എടി ആശുപത്രിയിലെ ജനിറ്റിക് വിഭാഗം, എൽഎസ്ഡിഎസ്എസ്, ക്യൂർ എസ്എംഎ എന്നിവർ ചേർന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കലാ കേശവൻ, അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് നോഡൽ ഓഫീസർ ഡോ. ശങ്കർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ആർഎംഒ ഡോ. റിയാസ് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. വൈറൽ പനിയുടെയും ആസ്തമയുടെയും സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്നത്. നാല് ദിവസത്തെ പനിയും തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് മിക്കവരിലും അനുഭവപ്പെടുന്നത്. ഇൻഫ്‌ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പതിനൊന്നായിരത്തോളം പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ പനിയും ശ്വാസംമുട്ടലുമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാൻ കാലതാമസം നേരിടുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ആസ്തമ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് പലരുടെയും ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രോഗബാധ ഉണ്ടാകുമ്പോൾ ദിവസങ്ങളോളം പലർക്കും ജോലിയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയുണ്ടാക്കും. ഇത് പലരുടെയും വരുമാനത്തെയും ജീവിത രീതിയെയും ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം: സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിനു തുടക്കമായി. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു.

സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,34,705 സംരംഭങ്ങൾ വന്നുകഴിഞ്ഞു. ഇതു കേരളത്തിന്റെ ചരിത്രത്തിലെ വലിയ അനുഭവമാണ്. 2,88,933 തൊഴിലുകളും 8042.22 കോടി രൂപയുടെ നിക്ഷേപവും ഇതിലൂടെ വന്നു. എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇതു സാധ്യമായത്. ഇതിൽ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളവയുടെ ദേശീയ ശരാശരി ആദ്യ വർഷം 30 – 40 ശതമാനമാണ്. ഇതു കുറയ്ക്കുന്നതിനെക്കുറിച്ചു സംസ്ഥാന സർക്കാർ സർക്കാർ ആലോചിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

ആരംഭിച്ച സംരംഭങ്ങൾ പരമാവധി നിലനിർത്തുന്നതിനായി ഒരു സസ്റ്റെയിനബിലിറ്റി സ്‌കീം ആലോചിക്കുന്നുണ്ട്. ഹ്രസ്വ, ദീർഘകാല പദ്ധതിയായിട്ടാകും ഇതു നടപ്പാക്കുക. എല്ലാ ജില്ലകളിലെയും എം.എസ്.എം.ഇ. ക്ലിനിക്കുകൾ കൂടുതൽ കാര്യക്ഷമമാക്കും. സംരംഭകർ നേരിടുന്ന പ്രശ്‌നങ്ങൾക്കു സർക്കാരിന്റെ നേതൃത്വത്തിൽ പരിഹാരം കാണും. ബാങ്കുകൾ എം.എസ്.എം.ഇകൾക്കു കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 10,000 കോടി രൂപ സാമ്പത്തിക വർഷത്തിന്റെ ആദ്യ 10 മാസംകൊണ്ട് അധികമായി നൽകിയിട്ടുണ്ടെന്നാണു കണക്ക്. ഇതു കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. രണ്ടു മാസംകൂടി കഴിയുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തേതിനേക്കാൾ 25000 കോടി രൂപയുടെ വർധനവുണ്ടാകുമെന്നാണു കരുതുന്നത്. ബാങ്കുകളുടെ സഹായം തുടർന്നും തേടുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന ഇന്റേണികൾ തുടങ്ങിയ സംരംഭങ്ങളെല്ലാം ഒരിക്കൽകൂടി സന്ദർശിച്ച് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകും. താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകൾ ഇതിനു മേൽനോട്ടം വഹിക്കും. ഒരു ഗ്ലോബൽ ലിങ്കർ മോഡൽ സംവിധാനം ആലോചിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള സംവിധാനത്തിൽ സംരംഭത്തിനുണ്ടാകുന്ന പ്രശനങ്ങൾ സർക്കാരിനു മനസിലാക്കാനും ഇടപാടാനുമാകും. ജനകീയ പിൻബലവും സംരംഭകർക്കു നൽകുമെന്നു മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എട്ട് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനോടകം ലൈസൻസ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ വ്യവസായ പാർക്ക് ആരംഭിക്കും. ഇതിൽ എട്ടെണ്ണം വരുന്ന സാമ്പത്തിക വർഷംതന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഇതുവഴിയും വ്യവസായ പാർക്കുകൾ തുറക്കാൻ കഴിയും. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചാ നിരക്ക് 17.3 ശതമാനമാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതിൽത്തന്നെ മാനുഫാക്ചറിങ് സെക്ടർ 18.9 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. മികച്ച മാറ്റം കേരളത്തിൽ നടക്കുന്നുവെന്നു വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. സംരംഭകരിലും നല്ല ആത്മശ്വാസം പ്രകടമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മതിയായ കാരണം കൂടാതെ സംരംഭകനു സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ ജില്ലാ – സംസ്ഥാന പരാതി പരിഹാര കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും വകുപ്പുതല നിയമ നടപടി സ്വീകരിക്കുന്നതിനും പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ കഴിയും. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാനാകും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്. തിരുവനന്തപുരം വിവാന്റ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു.

തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, എഫ്.ഐ.സി.സി.ഐ. സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. എം. സഹദുള്ള, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ. സംസ്ഥാന പ്രസിഡന്റ് നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ശമ്പളം ഗഡുവായി വാങ്ങണമെന്ന് ഒരു നിർബന്ധവുമില്ലെന്ന അറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യമുള്ളവർ മാത്രം ഗഡുക്കളായി ശമ്പളം സ്വീകരിച്ചാൽ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി.

ഇതുവരെയുള്ള മുഴുവൻ ശമ്പളവും കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഗഡുക്കളായി ശമ്പളം നൽകുന്നതിനെ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യുകയാണ്. ഏകപക്ഷീയമായ ഒരു തീരുമാനവും മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗഡുക്കളായി വേണ്ടാത്തവർക്ക് അത് രേഖാമൂലം എഴുതിനൽകാനും അവസരമുണ്ട്. അങ്ങനെയുള്ളവർക്ക് സാധാരണപോലെ മാസാദ്യം ശമ്പളത്തിന്റെ ഒരു ഗഡു ലഭിച്ചാൽ ഉപകാരപ്രദമാണെന്ന ജീവനക്കാരുടെതന്നെ ആവശ്യം പരിഗണിച്ചാണ് സർക്കുലർ ഇറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ വിഷയത്തിലും ട്രേഡ് യൂണിയനുകളുമായി നിരന്തരം ചർച്ച നടത്തിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

കാനഡയിലെ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണവുമായി ഗൂഗിള്‍. ഫെബ്രുവരി ആദ്യവാരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 5 ആഴ്ചത്തേക്ക് തുടരുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ചില നിയമങ്ങളെ തുടര്‍ന്നാണ് ഗൂഗിള്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം കാനഡയിലെ ഗൂഗിളിന്റെ ഉപഭോക്താക്കളായ നാല് ശതമാനം പേരെ ബാധിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.

പ്രാദേശിക വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ ഭീമന്മാര്‍ പണം നല്‍കണമെന്ന കാനഡയുടെ നിയമത്തിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഗൂഗിളിന് പുറമേ, ഫേസ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയും ഈ നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇടം പിടിച്ചതോടെ 2008 മുതല്‍ കാനഡയില്‍ 450- ലധികം വാര്‍ത്ത ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടിയത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് ഡോളര്‍ പരസ്യ വരുമാനം ഗൂഗിള്‍, മെറ്റ എന്നീ കമ്ബനികളിലേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പങ്കിടുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ന്യായമായ പണം നല്‍കേണ്ടി വരുമെന്ന നിയമം കൊണ്ടുവന്നത്.

കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം തള്ളി സംസ്ഥാന സർക്കാർ. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യമാണ് സർക്കാർ തളളിയത്.

56 വയസ് ആണ് ഹൈക്കോടതി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നൽകിയ മറുപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചിഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹർജി ആദ്യം പരിഗണിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അഭിപ്രായവും കോടതി തേടിയിരുന്നു.