തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ശമ്പളം ഗഡുവായി വാങ്ങണമെന്ന് ഒരു നിർബന്ധവുമില്ലെന്ന അറിയിപ്പുമായി ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യമുള്ളവർ മാത്രം ഗഡുക്കളായി ശമ്പളം സ്വീകരിച്ചാൽ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മാസവും അഞ്ചാം തീയതിയ്ക്കകം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വിശദമാക്കി.
ഇതുവരെയുള്ള മുഴുവൻ ശമ്പളവും കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഗഡുക്കളായി ശമ്പളം നൽകുന്നതിനെ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യുകയാണ്. ഏകപക്ഷീയമായ ഒരു തീരുമാനവും മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗഡുക്കളായി വേണ്ടാത്തവർക്ക് അത് രേഖാമൂലം എഴുതിനൽകാനും അവസരമുണ്ട്. അങ്ങനെയുള്ളവർക്ക് സാധാരണപോലെ മാസാദ്യം ശമ്പളത്തിന്റെ ഒരു ഗഡു ലഭിച്ചാൽ ഉപകാരപ്രദമാണെന്ന ജീവനക്കാരുടെതന്നെ ആവശ്യം പരിഗണിച്ചാണ് സർക്കുലർ ഇറക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വിഷയത്തിലും ട്രേഡ് യൂണിയനുകളുമായി നിരന്തരം ചർച്ച നടത്തിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

